വൈക്കം: വൈക്കം ആറാട്ടുകുളങ്ങരയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും ഡയമണ്ടുകളും കവർന്ന സംഭവത്തിൽ പൊലീസ് പ്രദേശത്തെ സിസിടി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി. വീടിനുള്ളിൽ നിന്ന് മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും ലഭിച്ചു. കവർച്ചയിൽ ഒന്നിലധികംപേർ ഉൾപ്പെട്ടതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ലഭിച്ച വിരലടയാളങ്ങൾ സമാന മോഷണക്കേസുകളിൽ പ്രതിയായവരുടെ വിരലടയാങ്ങളുമായി ഒത്തുചേരുന്നുണ്ടോയെന്നും പരിശോധിക്കുകയാണ്. ഡോഗ് സ്‌ക്വാഡും ചൊവ്വാഴ്ച രാത്രിയെത്തി വീട്ടിൽ പരിശോധന നടത്തി. നഗരസഭ ഒൻപതാംവാർഡ് ആറാട്ടുകുളങ്ങര ചുടുകാട് റോഡിൽ തെക്കേനാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് പുരുഷോത്തമൻ നായർ. പുരുഷോത്തമൻനായരും ഭാര്യ ഹൈമവതിയും ബാങ്കു ഉദ്യോഗസ്ഥയായ മകൾ ദേവീപാർവതിയും തിങ്കളാഴ്ച രാത്രി 8.30ഓടെ വീട് പൂട്ടി ചികിത്സാ ആവശ്യത്തിന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. സ്വന്തം കാറിൽ പരിചയക്കാരനായ ഡ്രൈവർ രാജേഷിനെ കുട്ടിയാണ് പോയത്. വീട്ടുകാരെ ആശുപത്രിലാക്കിയ ശേഷം രാജേഷ് തിരികെ വാഹനം വീട്ടിൽ കൊണ്ടുവന്നിട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡ്രൈവർ കാറുമെടുത്ത് ആശുപത്രിയിലെത്തി 3.30ഓടെ ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വൈക്കം ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, എസ്.എച്ച്.ഒ എസ്. ദ്വിജേഷ്, എസ്‌.ഐ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.