പാലാ: മോഷണം പോയാൽ അന്വേഷിക്കുന്നത് സ്റ്റാന്റിംഗ് കമ്മറ്റിയോ..! പാലാ നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോമിന്റേതാണ് ഈ വിചിത്രമായ വിശദീകരണമെന്ന് പരാതിക്കാർ പറയുന്നു. നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബർ മോഷ്ടിച്ചതായുള്ള പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനായി വിഷയം വിദ്യാഭ്യാസകായിക സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടതായി മുനിസിപ്പൽ സെക്രട്ടറി അറിയിച്ചുവെന്ന് പരാതിക്കാരനായ പാലാ പന്തനാലിയിൽ കെ. അരുൺ പറഞ്ഞു. മുനിസിപ്പൽ സ്റ്റേഡിയം കമ്മറ്റി അംഗം കൂടിയായ അരുണിന്റെ പരാതിയിൻമേൽ അർഹിക്കുന്ന ഗൗരവം കൊടുക്കാതെ മുനിസിപ്പൽ സെക്രട്ടറി പൂഴ്ത്തിവയ്ക്കുകയാണെന്നാണ് ആക്ഷേപം. അല്ലെങ്കിലും മോഷണക്കേസ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടിട്ട് എന്തുചെയ്യാനാണെന്ന് പരാതിക്കാർ ചോദിക്കുന്നു. കഴിഞ്ഞ 19നാണ് സ്റ്റേഡിയം കമ്മറ്റിയംഗമായ കെ. അരുൺ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുത്തത്.