തൊടുപുഴ: കുടുംബകോടതി വിധി ലംഘിച്ചതിനെ തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവകാറും കട്ടപ്പന കുടുംബകോടതി ജപ്തി ചെയ്തു. രാജകുമാരി അങ്ങാടിയത്ത് ക്രിസ്റ്റി പോൾ, പിതാവ് നെപ്പോളിയൻ, മാതാവ് അന്നമ്മ, സഹോദരൻ ഗെയ്‌സൺ എന്നിവർക്കെതിരെയാണ് വിധി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഭർത്താവിനെതിരെ ഭാര്യ നേരത്തെ നൽകിയ കേസിൽ കുടുംബ വിഹിതമായി നൽകിയ തുകയ്ക്കു പുറമെ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നൽകാൻ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി.എൻ. സീത വിധിച്ചിരുന്നു. എന്നാൽ വിധി പ്രകാരമുള്ള തുക നൽകാത്തതിനാൽ ഹർജിക്കാരി കട്ടപ്പന കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. സഹോദരന്റെ പേരിലുള്ള കാർ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീർ ഡേവിഡിന്റെ ഉത്തരവിനെ തുടർന്നു ജപ്തി ചെയ്ത് കോടതിയിൽ എത്തിച്ചു. ഭർത്താവ് രജിസ്ട്രാറെ തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിനും പീഡിപ്പിച്ചതിനുമെതിരെ ഭാര്യ തൊടുപുഴ പൊലീസിൽ നേരത്തെ കേസ് നൽകിയിരുന്നു. ഭാര്യയ്ക്ക് ജീവനാംശം നൽകാത്തതിനാൽ തൊടുപുഴ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ വാറണ്ടുമുണ്ട്. ഹർജിക്കാരിക്കായി അഡ്വ. ബിജു പറയന്നിലം കോടതിയിൽ ഹാജരായി.