sumesh

പത്തനംതിട്ട : സംശയത്തെ തുടർന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. ചേർത്തല വയലാർ മുക്കിടിക്കിൽ വീട്ടിൽ ജയനെ (43) കൊലപ്പെടുത്തിയ കേസിലെ പ്രതി ചേർത്തല മായിത്തറ ഒളിവക്കാത്തുവെളി സുമേഷ് (48) നെയാണ് ആലപ്പുഴ പ്രിൻസിപ്പൾ സെഷൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ശിക്ഷിച്ചത്. 2019 ജനുവരി പുലർച്ചേ ഒന്നരയ്ക്ക് പുതിയകാവ് ക്ഷേത്രത്തിന് കിഴക്കുവശത്താണ് സംഭവം. പ്രതി സുമേഷ് ആക്രമിക്കാൻ വീട്ടിൽ വന്നപ്പോൾ സുമേഷിന്റെ ഭാര്യ ജയനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ജയൻ സ്‌കൂട്ടറിൽ വീടിന് മുന്നിൽ എത്തിയപ്പോൾ കമ്പി വടിക്ക് അടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയനെ ചേർത്തല പൊലീസ് എത്തിയാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തും മുമ്പ് ജയൻ മരിച്ചു.സംശയത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിന് മുമ്പ് സുമേഷിന്റെ ഭാര്യയെ മർദ്ദിച്ചതിന് ജയൻ സുമേഷിനെ മർദ്ദിച്ചിരുന്നു. കേസിൽ പ്രതി സുമേഷിന്റെ ഭാര്യ ഉൾപ്പെടെ 25 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ വി.വേണു, അഡ്വ.ഹരികൃഷ്ണൻ ടി.പ്രസാദ് എന്നിവർ ഹാജരായി.