
കൊല്ലം: വീട്ടമ്മയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചവർ പിടിയിൽ. ചണ്ണപ്പേട്ട ചോഴിയക്കോട് നാട്ട്കൽ സ്വദേശികളായ കടുംമ്പ് വിള വീട്ടിൽ അച്ചു(24), അച്ചുവിന്റെ പിതാവ് കടുംമ്പ് വിള വീട്ടിൽ ഉദയകുമാർ(57), മരുതിവിളവീട്ടിൽ സജി(28), മരുതിവിള വീട്ടിൽ രജീബ്(42), ചിഞ്ചുഭവനിൽ വിഷ്ണു(31), ദീപു ഭവനിൽ ദീപു(31), ദീപു ഭവനിൽ ദിനു(30), അജി ഭവനിൽ അജി(28) എന്നിവരാണ് ചിതറ പൊലീസിന്റെ പിടിയിലായത്. തിങ്കൾകരിക്കം ചോഴിയക്കോട് കൊച്ചരിപ്പയിൽ ശ്രീമുരുകാലയം വീട്ടിൽ സുധയും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. 8ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പറയുന്നത്: സുധയുടെ 20 വയസുള്ള മകളെ പ്രതികളിലൊരാളായ അച്ചു പുറകെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇയാളുടെ ശല്യത്തെത്തുടർന്ന് കുറച്ചു നാളുകൾക്കു മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി പരിക്കുപറ്റി ഇപ്പോൾ ചികിത്സയിലാണ്. കേസിനാസ്പദമായ സംഭവം ഉണ്ടായ ദിവസം പെൺകുട്ടിയുടെ സഹോദരൻ അമ്മയമ്പലം ക്ഷേത്രത്തിന് പരിസരത്ത് വച്ച് പ്രതി അച്ചു വിനോട് മോശമായി സംസാരിച്ചുവെന്നാരോപിച്ചാണ് അച്ചു തന്റെ സുഹൃത്തുക്കളെയും പിതാവിനെയും വിളിച്ചുവരുത്തി ആയുധങ്ങളുമായി പെൺകുട്ടിയുടെ വീടുകയറി ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും പരിക്കേറ്റു. കട്ടിലിൽ കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ കമ്പ് ഉപയോഗിച്ച് ജനലിൽ കൂടി കുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവ് ചിതറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ പ്രതികളിൽ അഞ്ച് പ്രതികളെ അരിപ്പ എണ്ണപ്പന എസ്റ്റേറ്റിൽ നിന്നും ബാക്കി മൂന്ന് പ്രതികളെ കടക്കൽ നിന്നുമാണ് പിടികൂടിയത്. സി.ഐ പി.ശ്രീജിത്ത്, എസ്.ഐ സുധീഷ്, സി.പി.ഒമാരായ ശ്യാം കുമാർ, ഗിരീഷ്, വിശാഖ്, ഫൈസൽ,അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.