ചടയമംഗലം: മുൻ വൈരാഗ്യം മൂലം ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം ഇടക്കോട് പാറവിള വീട്ടിൽ സനലാണ് (29) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ മാതൃസഹോദരിയുടെ മകൻ ചടയമംഗലം ഇടക്കോട് പാറവിള വീട്ടിൽ കലേഷിനാണ് (24) ഗുരുതരമായി പൊള്ളലേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ട് 3ന് പോരേടം ചന്തമുക്കിന് സമീപത്തെ വർക്ക് ഷോപ്പിലായിരുന്നു സംഭവം. ഉറ്റബന്ധുക്കളായ സനലും കലേഷും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. സനലിന്റെ ഭാര്യയെ കലേഷ് ശല്യപ്പെടുത്തിയെന്നാരോപിച്ച് കലേഷിനെതിരെ സനൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കങ്ങളിലേർപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് 3ന് പോരേടം ചന്തമുക്കിന് സമീപത്തെ വർക്ക്ഷോപ്പിൽ ജോലിചെയ്തുകൊണ്ടിരുന്ന കലേഷിനെ വിളിച്ചിറക്കിയ ശേഷം കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് തീ അണച്ചത്. ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രതി സനലിനെ സംഭവസ്ഥത്ത് വച്ച് തന്നെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.