തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രദേശത്തു മോഷണപരമ്പര. അടഞ്ഞു കിടക്കുന്ന വീടുകൾ മാത്രം ലക്‌ഷ്യം വച്ചായിരുന്നു മോഷണം. വീട്ടുടമസ്ഥൻ തിരിച്ച് എത്തുമ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു. ആദർശ് നഗറിൽ നടന്ന മോഷണത്തിൽ 3 വില പിടിപ്പുള്ള വാച്ചുകൾ മാത്രമാണ് നഷ്ടമായത്. വീട്ടുടമസ്ഥൻ ഒരു മാസമായി എറണാകുളത്തായിരുന്നു. തേക്കിൻമൂടിലെ വീട്ടിലും സമാന സംഭവമാണ് നടന്നതെങ്കിലും സാധനങ്ങൾ ഒന്നും തന്നെ മോഷണം പോയിട്ടില്ല.

മെൻസ് ഹോസ്റ്റലിൽ നിന്ന് 2 മൊബൈൽ ഫോണും 2 ലാപ്ടോപ്പുകളും 1 ഐപാഡും 6300 രൂപയുമാണ് മോഷണം പോയത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ തന്നെ മുഖം വ്യക്തമല്ല. ഇവർ എത്തിയ ഇരുചക്ര വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഒരു മാസമായി അടഞ്ഞുകിടന്ന മറ്റൊരു വീട്ടിലും മോഷണശ്രമം ഉണ്ടായി. ഫോറൻസിക് സംഘം എത്തി വീടുകളിൽ വിരലടയാള പരിശോധന നടത്തി. അതേസമയം പൊലീസ് പട്രോളിംഗിന്റെ കുറവ് കൊണ്ടാണ് മോഷണപരമ്പര ഉണ്ടായതെന്നും വേനലവധി കാലത്ത് അടഞ്ഞുകിടക്കുന്ന ഒട്ടേറെ വീടുകൾ ഈ പരിസരത്തു ഉണ്ടാകുമെന്നതിനാൽ സംഭവങ്ങൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.