k

സംസ്ഥാനത്ത് സൈബർ തട്ടിപ്പു കേസുകൾ വർദ്ധിച്ചുവരികയാണെന്ന് മനസ്സിലാക്കാൻ പൊലീസിന്റെ കണക്കൊന്നും വേണ്ട; ദിനപത്രങ്ങളിൽ ഓരോ ദിവസവും അച്ചടിച്ചുവരുന്ന അത്തരം വാർത്തകൾ മാത്രം മതി! ഓരോ ദിവസവും പുതിയ രീതിയിലും പൊലീസിനെപ്പോലും ഞെട്ടിക്കുന്ന തരത്തിലുമായിരിക്കും തട്ടിപ്പിന്റെ നവമാതൃകകൾ. ഇന്റർനെറ്റിന്റെയും ആൻഡ്രോയിഡ് ഫോണുകളുടെയും തുടക്കകാലത്ത് സാധാരണക്കാർക്ക് സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ അപരിചിതമായിരുന്നെങ്കിൽ,​ അതിവേഗമാണ് നമ്മൾ സൈബർ സാക്ഷരത കൈവരിച്ചതും,​ കൊച്ചുകുട്ടികൾ പോലും ഇവയെല്ലാം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയതും. എന്നാൽ,​ നമ്മൾ സൈബർ മിടുക്ക് വർദ്ധിപ്പിക്കുന്നതിന്റെ നൂറിരട്ടി വേഗത്തിലാണ് തട്ടിപ്പുകാർ ചൂഷണത്തിന്റെ പുതിയ വേർഷനുകളുമായി അവതരിക്കുന്നതെന്നു മാത്രം. ഇതേക്കുറിച്ചെല്ലാം വേണ്ടത്ര പരിജ്ഞാനവും,​ തട്ടിപ്പുരീതികളെക്കുറിച്ച് നല്ല അവബോധവുമുള്ളവർ തന്നെ വീണ്ടും കെണിയിൽപ്പെടുന്നതാണ് വിചിത്രവും ദു:ഖകരവും.

സ്ത്രീകളെ ഉപയോഗിച്ച് ചതിയുടെ വലവിരിക്കുന്ന ഹണിട്രാപ്പും,​ വേഗത്തിൽ അമിതലാഭം വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക തട്ടിപ്പുകളുമാണ് സൈബർ കുറ്റകൃത്യങ്ങളിൽ അധികം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 3155 സെബർ കേസുകളിൽ അധികവും ഈ രണ്ടു വിഭാഗങ്ങളിൽപ്പെടുന്നവയാണ്. 2016-ൽ വെറും 283 കേസുകളുണ്ടായിരുന്നിടത്തു നിന്നാണ്,​ എട്ടുവ‍‍‍ർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിലുണ്ടായ കുതിച്ചുകയറ്റമെന്ന് ഓർക്കണം. ഉന്നതവിദ്യാഭ്യാസം നേടിയവരും ഉന്നതോദ്യോഗസ്ഥരും ബിസിനസുകാരും ഉൾപ്പെടെ സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കുന്നവരാണ് ഇരകളിലധികവും. ഇപ്പോൾ വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന ട്രേഡിംഗ് തട്ടിപ്പു കേസിൽ പ്രിയങ്ക എന്ന തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി കൊച്ചിയിൽ അറസ്റ്റിലായത് കോഴിക്കോട്ടുകാരനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പരാതിയിലാണ്. സംസ്ഥാനത്ത് പല ജില്ലകളിലും,​ സംസ്ഥാനത്തിനു പുറത്തും ഇവർക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പു കേസുകൾ നിലവിലുണ്ട്.

പെട്ടെന്ന് അധിക സമ്പത്ത് നേടാനുള്ള ഇടത്തരക്കാരുടെ സഹജ വാസന ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകളെല്ലാമെന്നത് ശ്രദ്ധിക്കണം. ഇല്ലാത്ത കമ്പനിയുടെ പേരിലുള്ള ട്രേഡിംഗ് കെണിയിൽ തട്ടിപ്പുകാരി വാഗ്ദാനം ചെയ്തിരുന്നത് 21 ശതമാനം ലാഭമാണ്! കോഴിക്കോട്ടെ മെർച്ചന്റ് നേവിക്കാരനിൽ നിന്നു മാത്രം ഇവർ തട്ടിയെടുത്തത് 25 ലക്ഷം രൂപയാണ്. തട്ടിപ്പിന് നേതൃത്വം നൽകിയ ട്രേഡ് കൂപ്പേഴ്സ് എന്ന പേരിലുള്ള സ്ഥാപനത്തെക്കുറിച്ച് കൊച്ചി പൊലീസ് അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. സമാനരീതിയിലുള്ള തട്ടിപ്പുകളിലൂ‌‌‌ടെ ഇവർ ശതകോടികൾ കൈക്കലാക്കിയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഈ സ്ത്രീ ഒറ്രയ്ക്കല്ല,​ ഇവരുടെ അമ്മയും സഹോദരനും കേസുകളിൽ കൂട്ടുപ്രതികളാണ്. ആസൂത്രിതവും വിദഗ്ദ്ധവുമായി നടത്തിയ സാമ്പത്തിക തട്ടിപ്പുകളിൽ ഇവർക്കു തുണയായത് ആധുനിക സാങ്കേതിക വിദ്യകളൊന്നുമല്ല,​ വഞ്ചനയ്ക്ക് ഇരകളായവരുടെ ധനമോഹം മാത്രമായിരുന്നു!

ഒരു നിക്ഷേപത്തിന് ബാങ്കുകളോ മറ്ര് അംഗീകൃത പണമിടപാട് സ്ഥാപനങ്ങളോ സ്വകാര്യ പലിശക്കാർ പോലുമോ വാഗ്ദാനം ചെയ്യാത്തത്ര പലിശയും അവിശ്വസനീയ ലാഭവും വാഗ്ദാനം ചെയ്യപ്പെടുമ്പോൾത്തന്നെ അതിലൊരു തട്ടിപ്പിന്റെ സാദ്ധ്യത തിരിച്ചറിയേണ്ടതല്ലേ?​ ആദ്യത്തെ ചെറുനിക്ഷേപത്തിന് ഇടപാടുകാരന്റെ അക്കൗണ്ടിൽ അധിക വരുമാനം ക്രെഡിറ്റ് ചെയ്തായിരിക്കും തട്ടിപ്പുകാർ വിശ്വാസമാർജ്ജിക്കുക. അതു മോഹിച്ച് അധിക നിക്ഷേപം നടത്തുന്ന ആർത്തിക്കാർ കെണിയിലാവുകയും ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസുകളിലെല്ലാം പൊലീസ് നൽകുന്ന ഗുണപാഠം ഒന്നേയുള്ളൂ: അമിത സാമ്പത്തികലാഭം കൊതിച്ച് ഇത്തരം കെണികളിൽ കുടുങ്ങാതിരിക്കുക. സമൂഹത്തിൽ പണത്തിനും പണക്കാർക്കും കൈവന്ന സർവാധിപത്യമാണ് അപകട പരീക്ഷണങ്ങൾക്ക് തലവച്ചുകൊടുക്കാൻ വിദ്യാസമ്പന്നരെപ്പോലും പ്രേരിപ്പിക്കുന്നത്.