
ഫൈനലിൽ 169 റൺസിന് വിദർഭയെ തോൽപ്പിച്ചു
മുംബയ് : അൽപ്പം വൈകിപ്പിച്ചു, പക്ഷേ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മുംബയ്‌യുടെ കിരീടധാരണത്തെ തടുക്കാൻ വിദർഭയ്ക്ക് കഴിഞ്ഞില്ല. കലാശക്കളിയുടെ അവസാന ദിവസമായ ഇന്നലെ വിദർഭയുടെ രണ്ടാം ഇന്നിംഗ്സ് 368 റൺസിൽ അവസാനിപ്പിച്ച് മുംബയ് നേടിയെടുത്തത് തങ്ങളുടെ 42-ാമത് രഞ്ജി ട്രോഫി കിരീടമാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ആദ്യ കിരീടവും.
മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഒന്നാം ഇന്നിംഗ്സിൽ നേടിയത് 224 റൺസാണ്. മറുപടിക്കിറങ്ങിയ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 105 റൺസിൽ അവസാനിച്ചതോടെ മുംബയ്ക്ക് 119 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മുംബയ് 418 റൺസ് നേടി മൂന്നാം ദിവസം ചായയ്ക്ക് ശേഷം ആൾഔട്ടായി. ഇതോടെ വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യം 538 റൺസായി കുറിക്കപ്പെട്ടു.
മൂന്നാം ദിവസം ഒടുവിൽ വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസിൽ നിറുത്തിയ വിദർഭ നാലാം ദിനം മുഴുവൻ കടിച്ചുപിടിച്ചുനിന്ന് 248/5 എന്ന സ്കോറിൽ എത്തിച്ചു. അവസാന ദിനമായ ഇന്നലെ പക്ഷേ വിദർഭയ്ക്ക് അധികനേരം ചെറുത്ത് നിൽപ്പ് തുടരാനായില്ല. 120 റൺസ് കൂടി നേടുന്നതിനിടെ വിദർഭയുടെ പത്തുവിക്കറ്റുകളും വീഴ്ത്തി മുംബയ് കിരീടം ചൂടി. സെഞ്ച്വറി നേടിയ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വാഡ്കറുടെയും (102),അർദ്ധ സെഞ്ച്വറികൾ നേടിയ മറുനാടൻ മലയാളി താരം കരുൺ നായരുടെയും (74), ഹർഷ് ദുബെയുടെയും (65) പോരാട്ടമാണ് മുംബയ്‌യുടെ വിജയം വൈകിപ്പിച്ചത്. ഇന്നലെ ആറാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത അക്ഷയ് - ദുബെ സഖ്യം പൊളിഞ്ഞതോടെയാണ് മുംബയ് മത്സരം പോക്കറ്റിലാക്കിയത്.
മുംബയ്‌യുടെ വിജയശിൽപ്പികൾ
ആദ്യ ഇന്നിംഗ്സിൽ വിദർഭ ബൗളർമാരുടെ മികച്ച പ്രകടനത്തിന് മുന്നിൽ പിടിച്ചുനിന്ന് ബാറ്റുവീശിയ ശാർദൂൽ താക്കൂറും(75), പൃഥ്വി ഷായും (46), ഭൂപേഷ് ലവാനിയും (37) ചേർന്നാണ് മുംബയ്‌യെ 224ലെത്തിച്ചത്.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ധവാൽ കുൽക്കർണിയും ഷംസ് മുലാനിയും ധനുഷ് കോട്ടിയാനും ചേർന്നാണ് വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 105ൽ അവസാനിപ്പിച്ചത്.
മുംബയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ മുഷീർ ഖാൻ(136), ശ്രേയസ് അയ്യർ (95),അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചതോടെ അവർക്ക് 418 റൺസിലെത്താനായി.
നാലുവിക്കറ്റ് വീഴ്ത്തിയ ധനുഷ് കോട്ടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഷീർ ഖാനും തുഷാർ ദേശ്പാണ്ഡേയും ചേർന്നാണ് വിഭർഭയുടെ രണ്ടാം ഇന്നിംഗ്സിന് തിരശീല വീഴ്ത്തിയത്.
രഞ്ജി ഫൈനലിൽ ഏറ്റവും പ്രായം കുറഞ്ഞ മുംബയ് താരത്തിന്റെ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കാഡ് തകർത്തെറിഞ്ഞ മുഷീർ ഖാനാണ് മാൻ ഒഫ് ദ മാച്ച്. ഇന്ത്യൻ താരം സർഫ്രാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീർ.
42
-ാം തവണയാണ് മുംബയ് രഞ്ജി ട്രോഫി കിരീടം നേടുന്നത്.
8
വർഷങ്ങൾക്ക് മുമ്പ് 2015-16ലാണ് മുംബയ് ഇതിനു മുമ്പ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.
2017-18, 2018-19
വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയ ടീമാണ് വിദർഭ.