pic

കൊളംബോ: ടൂറിസ്റ്റ് വിസാ മാനദണ്ഡങ്ങൾ ലംഘിച്ച് രാജ്യത്ത് അനധികൃതമായി ജോലി ചെയ്ത 21 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ അധികൃതർ. നെഗോംബോ നഗരത്തിലെ വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ച് വീടിനെ ഇവർ ഓൺലൈൻ മാർക്കറ്റിംഗ് സെന്റർ ആക്കി ഉപയോഗിക്കുകയായിരുന്നു. . മാർച്ച് 31 വരെ ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയ സൗജന്യ ടൂറിസ്റ്റ് വിസ പ്രയോജനപ്പെടുത്തിയാണ് ശ്രീലങ്കയിലെത്തിയത്.

ശ്രീലങ്കയിലെ നിയമപ്രകാരം ടൂറിസ്റ്റ് വിസയിലെത്തുന്നവർ ശമ്പളത്തോട് കൂടിയതോ അല്ലാത്തതോ ആയ ഏത് തരം ജോലികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ്. അറസ്റ്റിലായവരെ വെലിസരയിലുള്ള ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയായ ശേഷം ഇവരെ നാടുകടത്തും.