
കൊൽക്കത്ത : ഇ.ഡിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്.
ഷാജഹാനും കൂട്ടാളികളും അനധികൃതമായി ഭൂമി പിടിച്ചെടുത്തെന്ന ആരോപണത്തിലാണ് ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിവിധയിടങ്ങളിൽ റെയ്‌ഡ് നടന്നത്. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ഫാക്ടറിയിൽ രാവിലെ 6.30ന് ഇ.ഡി ഉദ്യോഗസ്ഥർ എത്തി. സുരക്ഷാ സംഘത്തോടൊപ്പമാണ് പരിശോധന നടന്നത്. കഴിഞ്ഞ ആഴ്‌ച സി.ബി.ഐയും ഫോറൻസിക് വിദഗ്ദ്ധരും ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഒളിവിലായിരുന്ന ഷാജഹാനെ ഫെബ്രുവരി 29നാണ് ബംഗാൾ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങി.
റേഷൻ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ജനുവരി 5ന് ഷാജഹാന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി സംഘത്തെ ഒരു സംഘം ആളുകൾ മർദ്ദിച്ചു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ഷാജഹാനും കൂട്ടാളികൾക്കുമെതിരെ നിരവധി കേസുകളുണ്ട്.
ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് നിരവധി സ്ത്രീകൾ തെരുവിലിറങ്ങി. ഷാജഹാൻ ഭൂമി പിടിച്ചെടുത്തെന്ന് ആരോപിച്ച് സമീപ ഗ്രാമങ്ങളിലെ ആളുകളും രംഗത്തുവന്നതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി. ഷാജഹാനെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.