തിരുവനന്തപുരം: കേന്ദ്ര ഇലക്‌ട്രോണിക്സ്,ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ 10 സ്‌കൂളുകൾക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അടൽ ടിങ്കറിംഗ് ലാബുകളിൽ ആറെണ്ണം 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമായി. ചിന്മയ വിദ്യാലയം ആറ്റുകാൽ,സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ,അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ,വിക്ടറി വിഎച്ച്എസ്എസ് ഓലത്താന്നി, ജി.എച്ച്.എസ്.എസ് ബാലരാമപുരം, ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് അത്യാധുനിക സൗകര്യങ്ങളോടെ അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനത്തിനുമായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്തതാണ് അടൽ ടിങ്കറിംഗ് ലാബുകൾ. വൈകാതെ തിരുവനന്തപുരത്തെ നാല് സ്‌കൂളുകളെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ എല്ലാ പഞ്ചായത്തുകളിലും അടൽ ടിങ്കറിംഗ് ലാബുകൾ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.അടൽ ഇന്നൊവേഷൻ മിഷനു കീഴിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് അടൽ ടിങ്കറിംഗ് ലാബുകൾ ഒരുക്കുന്നതെന്ന്

മന്ത്രി പറഞ്ഞു.