caa

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ സിപിഎമ്മുമായി യോജിച്ച് പ്രതിഷേധത്തിന് ഇല്ലെന്ന കോണ്‍ഗ്രസ് നിലപാടിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്റെ ഈ തീരുമാനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ തന്നെ കേരളം അതിനെ എതിര്‍ത്തിരുന്നു. അന്ന് ഒരുമിച്ചാണ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതിഷേധവുമായി മുന്നോട്ട് പോയത്. കേരള നിയമസഭ ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയതും ഐകകണ്‌ഠേനയായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സിഎഎക്ക് എതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ കുറ്റകരമായ മൗനം തുടര്‍ന്നുവെന്നും എഎം ആരിഫ് എംപി മാത്രമാണ് എതിര്‍ത്ത് സംസാരിച്ചതെന്നും മുഖ്യമന്ത്രി. 2019ല്‍ രാജ്യം മുഴുവന്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന് വേണ്ടി കേരളത്തിലെ നേതാക്കള്‍ എന്തൊക്കെയോ പറയുകയാണ്. കെ.സി വേണുഗോപാലിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമം നടപ്പിലാക്കുന്ന സമയത്തില്‍ മാത്രമാണ് കെസിക്ക് പ്രശ്‌നം. പക്ഷേ നിയമത്തിനെതിരെ നാവനക്കാന്‍ കെ.സിക്ക് കഴിഞ്ഞില്ല- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിഎഎ പ്രക്ഷോഭത്തില്‍ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും അപേക്ഷ ലഭിക്കാത്ത കേസുകള്‍ മാത്രമാണ് പിന്‍വലിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ബാക്കി കേസുകള്‍ പിന്‍വലിക്കും.

സിഎഎ പ്രക്ഷോഭത്തില്‍ 855 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 260 കേസുകളില്‍ 86 എണ്ണം പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കിയെന്നും ബാക്കി കേസുകള്‍ കോടതിയില്‍ വച്ച് ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.