ucl

പ്രീ ക്വാർട്ടർ ഷൂട്ടൗട്ടിൽ ഇന്റർ മിലാനെ കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ്

ഡോർട്ട്മുണ്ട് മറികടന്നത് പി.എസ്.വി ഐന്തോവനെ

മാഡ്രിഡ് : ആദ്യപാദ പ്രീ ക്വാർട്ടറിൽ വിജയിച്ചിരുന്ന ഇന്റർ മിലാനെ രണ്ടാം പാദത്തിലെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിലെത്തി. രണ്ടാം പാദത്തിൽ ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനെ കീഴടക്കി ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടും ക്വാർട്ടറിലെത്തി.

സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ പ്രീ ക്വാർട്ടറിൽ ഇന്റർ മിലാൻ 1-0ത്തിനാണ് വിജയിച്ചിരുന്നത്. രണ്ടാം പാദത്തിന്റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് മുന്നിലെത്തിയതോടെ ആകെ ഗോൾ മാർജിൻ 2-2 ആയി. തുടർന്ന് അധിക സമയം നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്ന് ഷൂട്ടൗട്ട് വേണ്ടിവരികയായിരുന്നു. 33-ാം മിനിട്ടിൽ ഫ്രെഡറികോ ഡിമാർക്കോയിലൂടെ ഇന്ററാണ് ആദ്യം ഗോളടിച്ചത്. ഇതോടെ ആകെ രണ്ട് ഗോളുകൾക്ക് പിന്നിലായ അവസ്ഥയിൽ നിന്ന് സടകുടഞ്ഞെണീറ്റാണ് അത്‌ലറ്റിക്കോ തിരിച്ചടിച്ചത്. 35-ാം മിനിട്ടിൽ അന്റോയ്ൻ ഗ്രീസ്മാനും 87-ാം മിനിട്ടിൽ മെം‌ഫിസ് ഡെപ്പേയും നേടിയ ഗോളുകളാണ് കളി ഷൂട്ടൗട്ടിലെത്തിച്ചത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു അത്‌ലറ്റിക്കോയുടെ ജയം.

അത്‌ലറ്റിക്കോയുടെ ഡെപ്പേയ്.റിക്വെൽമേ,കോറിയ എന്നിവർ ഷൂട്ടൗട്ടിൽ കിക്ക് ഗോളാക്കിയപ്പോൾ സൗളിന് മാത്രമാണ് പിഴച്ചത്. എന്നാൽ ഇന്റർ നിരയിൽ അലക്സിസ് സാഞ്ചസ്,ഡേവി ക്ളാസൻ, ലൗതാരോ മാർട്ടിനസ് എന്നിവർക്ക് പിഴച്ചു.

ആദ്യ പാദ പ്രീക്വാർട്ടറിൽ പി.എസ്.വിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞിരുന്ന ഡോർട്ട്മുണ്ട് രണ്ടാം പാദത്തിൽ 2-0 ത്തിനാണ് വിജയിച്ചത്. മൂന്നാം മിനിട്ടിൽ ജോദോൻ സാഞ്ചോയും ഇൻജുറി ടൈമിൽ മാർക്കോ റിയൂസുമാണ് ഡോർട്ട്മുണ്ടിനായി ഗോളുകൾ നേടിയത്.

ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്ന്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടുമെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഇന്ന് സ്വിറ്റ്‌സർലാൻഡിലെ നിയോണിൽ നടക്കും. ഏപ്രിൽ ഒൻപത്, പത്ത് തീയതികളിലാണ് ആദ്യ പാദ ക്വാർട്ടർ ഫൈനലുകൾ. ഏപ്രിൽ 16,17 തീയതികളിൽ രണ്ടാംപാദങ്ങളും നടക്കും.

ക്വാർട്ടറിലെത്തിയവർ

റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സനൽ, ബയേൺ മ്യൂണിക്ക്, ബൊറൂഷ്യ ഡോർട്ട്മുണ്ട്, പി.എസ്.ജി.

സ്പാനിഷ് ആധിപത്യം

സ്‌പെയിനിൽ നിന്ന് മൂന്ന് ക്ളബുകൾ, ഇംഗ്ലണ്ടിൽനിന്നും ജർമ്മനിയിൽ നിന്നും രണ്ടുവീതം, ഫ്രാൻസിൽ നിന്ന് ഒരു ക്ളബ് എന്നിങ്ങനെയാണ് ക്വാർട്ടർ ഫൈനലേക്ക് പ്രവേശനം നേടിയത്.