pic

പാരീസ്: എയർ ഇന്ത്യയ്ക്കായുള്ള നാല് എയർ ബസ് എ 350 - 900 വൈഡ് ബോഡി വിമാനങ്ങൾ വൈകാതെ ഇന്ത്യയിലെത്തുമെന്ന് സൂചന. ഫ്രാൻസിലെ ടൂലൂസിലെ എയർബസ് ആസ്ഥാനത്ത് അവസാന ഘട്ട തയാറെടുപ്പിലുള്ള നാല് വിമാനങ്ങളും ഈ മാസം എയർ ഇന്ത്യയ്ക്ക് കൈമാറിയേക്കും. വി.ടി - ജെ.ആർ.എച്ച് രജിസ്ട്രേഷനിലെ വിമാനമാണ് ആദ്യമെത്തുക. എയർ ഇന്ത്യയുടെ ആദ്യ എയർ ബസ് എ 350 - 900 ഡിസംബർ അവസാനവും രണ്ടാമത്തേത് ഫെബ്രുവരി ആദ്യവും ഇന്ത്യയിലെത്തിയിരുന്നു. ഇവ രണ്ടും ആഭ്യന്തര സർവീസിനാണ് നിലവിൽ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര സർവീസ് ഈ വർഷം പകുതിയോടെയുണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിൽ എ 350 അവതരിപ്പിക്കുന്ന ആദ്യ എയർലൈനാണ് ടാ​റ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.

250 എയർബസ് വിമാനങ്ങൾക്കാണ് കഴിഞ്ഞ വർഷം എയർ ഇന്ത്യ ഓർഡർ നൽകിയത്. ഇതിൽ 20 എണ്ണം എ 350 - 900 ആണ്. കൂടാതെ, 20 എ 350 - 1000 വിമാനങ്ങളും , 210 എ 320 നിയോ നാരോ ബോഡി വിമാനങ്ങളും ഇതിൽപ്പെടുന്നു. 350ഓളം പേർക്ക് യാത്ര ചെയ്യാനാവുന്ന എ 350 - 900 ഒ​റ്റത്തവണ 15,000 കിലോമീ​റ്റർ ദൂരം സഞ്ചരിക്കും.