f

ചൂടുകാലത്ത് ഏറ്റവുമധികം ചര്‍ച്ചയാവുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത. എന്നാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവിനെപ്പറ്റി പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ല. സാധാരണ ഗതിയില്‍ ഒരു ആരോഗ്യമുള്ളയാള്‍ ശരാശരി 1.5 മുതല്‍ 2 ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ് കണക്ക്. ചൂടുകാലത്തേക്ക് കടക്കുമ്പോള്‍ ഇതിന്റെ അളവ് 2.5 ലിറ്ററായി ഉയരും. അസഹനീയമയ ചൂടില്‍ നിന്ന് രക്ഷതേടാന്‍ വെള്ളവും ശീതള പാനീയങ്ങളും ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ കാര്‍ബണേറ്റഡ് പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും അളവിലധികം വെള്ളം കുടിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകളെപ്പറ്റിയും നാം ഓര്‍ക്കാറുണ്ടോ?

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് കൂട്ടാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനും കാരണമാകും. അത്യധികം ചൂടുള്ള അന്തരീക്ഷത്തില്‍ ഭാരിച്ച ജോലി ചെയ്യുന്നവര്‍ക്ക് വിയര്‍പ്പിലൂടെ നിര്‍ജലീകരണം നടക്കുന്ന ഹീറ്റ് സ്ട്രസ് നെഫ്രോപതി എന്ന അവസ്ഥയും ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


കുറഞ്ഞ സമയത്തിനുള്ളില്‍ അളവിലധികം വെള്ളം കുടിച്ചാല്‍ അത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥയെ, പ്രത്യേകിച്ച് സോഡിയത്തിന്റെ അളവിനെ താറുമാറാക്കും. വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍, വാട്ടര്‍ പോയ്‌സണിംഗ് എന്നൊക്കെയാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. വൃക്കകളില്‍ വെള്ളം നിറഞ്ഞ് സോഡിയം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. തലച്ചോറിലെ ഉള്‍പ്പടെയുള്ള കോശങ്ങള്‍ വീര്‍ക്കുന്നതിനും വിവിധ സങ്കീര്‍ണ അവസ്ഥകളുണ്ടാകാനും ഇത് കാരണമാകും. അമിതമായ ജല ഉപയോഗം അധിക ദ്രാവകങ്ങള്‍ പുറംതള്ളാനുള്ള വൃക്കകളുടെ കഴിവിനെ ദോഷകരമായി സ്വാധീനിച്ചേക്കും. ഇത് രക്തത്തിലെ സോഡിയം കുറയുന്ന അവസ്ഥയായ ഹൈപ്പോനാട്രീമിയിലേക്ക് നയിക്കും.

ന്യൂറോളജിക്കല്‍ ലക്ഷണങ്ങളായ തലവേദന, മനോവിഭ്രമം, അപസ്മാരം, കഠിനമായ കേസുകളില്‍ കോമ തുടങ്ങിയവയ്ക്ക് ഹൈപ്പോനാട്രീമിയ കാരണമാകാം. ഗുരുതരമായ ഹൈപ്പനാട്രീമിയ ചികിത്സിച്ചില്ലെങ്കില്‍ അക്യൂട്ട് കിഡ്‌നി ഇന്‍ജുറി (എ.കെ.ഐ)യിലേക്ക് നയിച്ചേക്കാം. വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതാണ് ഈ അവസ്ഥ. പെട്ടെന്നുള്ള ചികിത്സയിലൂടെ ഈ അവസ്ഥ മറികടക്കാം. നേരത്തേ വൃക്കരോഗമുള്ള വ്യക്തികള്‍ക്ക് വെള്ളത്തിന്റെ അമിത ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.

ശരീരത്തിലെ ഫ്‌ളൂയിഡ് ബാലന്‍സ് ക്രമീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് നമ്മുടെ വൃക്കകളാണ്. രക്തം നിരന്തരം ഫില്‍റ്റര്‍ ചെയ്ത് ഇലക്ട്രോലൈറ്റുകള്‍ പോലുള്ള അവശ്യ ഘടകങ്ങളെ നിയന്ത്രണത്തിലാക്കി മാലിന്യ ഘടകങ്ങളും അധിക ജലവും വൃക്ക നീക്കം ചെയ്യുന്നു.

പ്രധാനമായും വൃക്കയുടെ പ്രവര്‍ത്തനം മൂന്ന് വിധത്തിലാണ്.

ഫില്‍റ്ററിംഗ് വൃക്കകളില്‍ നെഫ്രോണുകള്‍ എന്ന് വിളിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ചെറിയ ഫില്‍റ്ററിങ്ങ് യൂണിറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നെഫ്രോണുകളില്‍ കൂടി സഞ്ചരിക്കുന്ന രക്ത പ്ലാസ്മയില്‍ നിന്ന് വെള്ളവും ഇലക്ട്രോലൈറ്റുകളും ഒരു ശേഖരണ സംവിധാനത്തിലേക്ക് ഫില്‍റ്റര്‍ ചെയ്യപ്പെടുന്നു.

സെലക്റ്റീവ് റീ അബ്‌സോര്‍പ്ഷന്‍: ഫില്‍ട്രേറ്റ് നെഫ്രോണിലൂടെ സഞ്ചരിക്കുമ്പോള്‍ ശരീരത്തിന്റെ ആവശ്യമനുസരിച്ച് വൃക്കകള്‍ ജലം, ഇലക്ട്രോലൈറ്റുകള്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങളെ വീണ്ടും രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നു.

വിസര്‍ജ്ജനം: വീണ്ടും ആഗിരണം ചെയ്യപ്പെടാത്ത മാലിന്യങ്ങളും അധിക വെള്ളവും മൂത്രമായി മാറുന്നു, അത് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. അമിതമായ ജല ഉപഭോഗം ഈ പ്രക്രിയയെ തടസപ്പെടുത്തും. അമിതമായി പാനീയങ്ങള്‍ കുടിക്കുമ്പോള്‍ വൃക്കകളില്‍ വെള്ളം നിറയും. ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തിക്കൊണ്ട് അധിക ജലം പുറന്തള്ളാന്‍ വൃക്കകള്‍ ബുദ്ധിമുട്ടും. ഇത് രക്തപ്രവാഹത്തില്‍ ഇലക്ട്രോലൈറ്റുകള്‍, പ്രത്യേകിച്ച് സോഡിയം നേര്‍പ്പിക്കാന്‍ ഇടയാകും. തുടര്‍ന്ന് ഹൈപ്പൊനാട്രീമിയ എന്നറിയപ്പെടുന്ന ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് എത്തിപ്പെടുകയും അത് കോശങ്ങള്‍ വീര്‍ക്കാനും വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും ഇടയാകും. ആരോഗ്യമുള്ള വ്യക്തികളില്‍ നേരിട്ട് ശാശ്വതമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും ഇത് പല സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.

സുരക്ഷിതവും ഉചിതവുമായി വെള്ളം കുടിക്കുന്നതിനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍

ദിനേനെയുള്ള വെള്ളം കുടിക്കല്‍: പലപ്പോഴും എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്ന നിര്‍ദേശം ഒരു പൊതു നിര്‍ദേശമായി കണക്കാക്കി അതിനെ പിന്‍പറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ വ്യക്തിഗതമായി ഇതിന്റെ അളവ് വ്യത്യാസപ്പെടാം. പ്രവര്‍ത്തന മേഖല (ജോലി), കാലാവസ്ഥ, ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വെള്ളം കുടിക്കേണ്ടതിന്റെ അളവ് തീരുമാനിക്കുന്നത്. വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ ഒരു ആരോഗ്യവിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

അമിത ജലാംശം തിരിച്ചറിയല്‍: അസാധാരണമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അപകടകരമാണ്. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, തെളിഞ്ഞതോ കട്ടിയുള്ളതോ ആയ മൂത്രം, തലവേദന, ഓക്കാനം, മനോവിഭ്രമം തുടങ്ങിയവയാണ് അമിത ജലാംശം ശരീരത്തിലുണ്ടെന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍. വെള്ളത്തിന്റെ അളവ് കുറച്ച് ഈ അവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുകയും ഒപ്പം ഡോക്ടറെ സമീപിക്കാനും ശ്രദ്ധിക്കണം. കരള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള സമയത്തും ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. കൃത്യമായ ചികിത്സ നേടലാണ് ഈ അവസ്ഥകളെ മറികടക്കാനുള്ള മാര്‍ഗം.

ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും സന്തുലിതമാക്കുക: ജലം അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇലക്ട്രോലൈറ്റുകളും നിര്‍ജലീകരണം തടയാന്‍ അത്യാവശ്യമാണ്. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കോശങ്ങള്‍ക്കുള്ളില്‍ ദ്രാവക ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. വ്യായാമ വേളകളോടനുബന്ധിച്ചും ചൂടുള്ള കാലാവസ്ഥയിലും ഇലക്ട്രോലൈറ്റ് സമ്പുഷ്ടമായ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക.

പ്രായം, ശരീരഭാരം, ജോലി, കാലാവസ്ഥ, ആരോഗ്യ അവസ്ഥ, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണ ശീലങ്ങള്‍, ജീവിത ശൈലി തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് വെള്ളത്തിന്റെ ഉപയോഗവും. ശരീരത്തിലെ ദ്രാവകങ്ങളുടെ ആവശ്യം ഇത്തരം ഘടകങ്ങള്‍ അടിസ്ഥാനമാക്കി മാത്രമേ തീരുമാനിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടു വെയ്ക്കുന്ന നിര്‍ദേശം.

ഡോ. രമ്യശ്രീ അഖില്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്,

നെഫ്രോളജി, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി.