
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിംഗിന്റെ ഭാര്യയും പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എം.പിയുമായ പ്രണീത് കൗർ ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. 2022ൽ അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കൗറിനെ കഴിഞ്ഞ വർഷം കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇത്തവണ പട്യാലയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കും. പൊതുപ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും ബി.ജെ.പിക്കൊപ്പം മികച്ച പ്രവർത്തനം കാഴ്‌ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രണീത് കൗർ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തിന്റെ വികസനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും അവർ പ്രശംസിച്ചു.