
മോസ്കോ: റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഞായർ വരെ മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. അഞ്ചാം തവണയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭരണത്തുടർച്ച നേടുമെന്നാണ് നിഗമനം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലസൂചനകൾ പുറത്തുവരും. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിലടക്കം പോസ്റ്റൽ വോട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ഏപ്രിൽ 7ന് രണ്ടാം റൗണ്ട് നടത്തും. മേയ് 7നാണ് സത്യപ്രതിജ്ഞ.
സ്വതന്ത്രനായാണ് 71കാരനായ പുട്ടിന്റെ മത്സരം. നികലൊയ് ഖാറിറ്റോനോവ് ( കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയനിഡ് സ്ലറ്റ്സകി (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), വ്ലാഡിസ്ലാവ് ഡാവൻകോവ് ( ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഇവരെ ഭരണകൂടത്തിന്റെ പാവ സ്ഥാനാർത്ഥികളായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രതിപക്ഷ അംഗമായ ബോറിസ് നാഡെഷ്ഡിൻ അടക്കം യുക്രെയിൻ യുദ്ധത്തെ എതിർക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു. അതേ സമയം, പുട്ടിന് നിലവിൽ രാജ്യത്ത് 85 ശതമാനം ജനപിന്തുണയുണ്ടെന്നാണ് സർവേ ഫലം. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ.
തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോടെ കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയിൽ തുടരും. 1999ൽ ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രിയായ പുട്ടിൻ 2000ത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തി. അന്ന് മുതൽ പ്രധാനമന്ത്രിയായോ പ്രസിഡന്റായോ മുൻ കെ.ജി.ബി ഓഫീസർ കൂടിയായ പുട്ടിൻ റഷ്യ ഭരിക്കുന്നു.