anjanadri-hills

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതിന് പിന്നാലെ മറ്റൊരു സംസ്ഥാനത്തെ ഭൂമിവില ഉയരുകയാണ്. ഇതിന് കാരണമാകട്ടെ ഹനുമാനും. ഹനുമാന്റെ ജന്മസ്ഥലമെന്ന് ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന കര്‍ണാടകയിലെ അഞ്ജനാദ്രിയിലാണ് ഭൂമി വില ഉയരുന്നത്. 70 ശതമാനം വരെ വര്‍ദ്ധിക്കുന്ന സാഹചര്യം മുതലാക്കുകയാണ് പ്രദേശത്തെ ഭൂഉടമകളും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരും. ഒരേക്കറിന് 12 ലക്ഷം രൂപയായിരുന്നു ഏതാനം മാസങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ ജനുവരി മുതല്‍ ഇത് 25 ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നാണ് വിവരം.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോദ്ധ്യയില്‍ ഭൂമി വില വര്‍ദ്ധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലെ പ്രദേശത്തും വില വര്‍ദ്ധിക്കുന്നത്. അഞ്ജനാദ്രി കുന്നിന്റെ പരിസരങ്ങളില്‍ ഭൂമിവില കുതിച്ചുയരുന്നതായി ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ക്ഷേത്രത്തിലും ചുറ്റുപാടുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 100 കോടി രൂപ വകയിരുത്തി അഞ്ജനാദ്രിയെ മത ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതാണ് പുതിയ സാഹചര്യത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ജനാദ്രിക്കും അയോദ്ധ്യയ്ക്കും ഇടയില്‍ നേരിട്ടുള്ള റെയില്‍ പാത സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രദേശത്തിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതാണ്. വലിയ വികസനവും തൊഴിലവസരങ്ങളും പ്രദേശത്തുണ്ടാകുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമായിരിക്കുകയാണ്.

ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും അഞ്ജനാദ്രിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള സന്ദര്‍ശകരെത്തുന്നതായി പ്രാദേശിക പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല എല്ലാ ആഴ്ചയും വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സ്ഥിരമായ പ്രവാഹം ക്ഷേത്രത്തിലേക്കുണ്ട്. ഇതും അഞ്ജനാദ്രിയെ വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കിമാറ്റുന്നുണ്ട്.