eci

ന്യൂഡല്‍ഹി: സുഖ്ബീര്‍ സിംഗ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചു. ഇരുവരുടേയും നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും സമിതി അംഗവുമായ അധീര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

ചുരുക്കപ്പട്ടികയിലുണ്ടായിരുന്നവരുടെ പേരുകള്‍ തന്നെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് നിയമമന്ത്രിയ്ക്ക് കത്തയച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സമിതി അംഗമായിരുന്നു.

ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും, സുഖ്ബീര്‍ സിംഗ് സന്ധു പഞ്ചാബ് കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ അടുത്തിടെ രാജിവച്ചിരുന്നു.

മറ്റൊരു കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ അടുത്തിടെ വിരമിച്ചിരുന്നു. ആ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അംഗങ്ങളെ തിരഞ്ഞെടുത്തത്.