pic

ടെൽ അവീവ്: ഗാസയിൽ ഭക്ഷണം അടക്കമുള്ള സഹായങ്ങൾ വിതരണം ചെയ്യുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടതായി ഹമാസ്. 83 പേർക്ക് പരിക്കേറ്റു.

ഗാസ സിറ്റിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 29ന് ഗാസ സിറ്റിയിലെ അൽ - റാഷീദ് സ്ട്രീറ്റിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്തവർക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലാഹിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. നുസൈറത്ത്, ബുറെയ്ജ് അഭയാർത്ഥി ക്യാമ്പുകളിലെ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു. ഇതുവരെ 31,340ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഏകദേശം 576,000 മനുഷ്യർ കടുത്ത പട്ടിണിയുടെ വക്കിലാണ്.

 മാനുഷിക ദ്വീപ്

തെക്കൻ നഗരമായ റാഫയിൽ കരയാക്രമണം തുടങ്ങുന്നതിന് മുമ്പ് അവിടെയുള്ള പാലസ്തീനിയൻ അഭയാർത്ഥികളെ മദ്ധ്യ ഗാസയിൽ ഒരുക്കുന്ന ' മാനുഷിക ദ്വീപു'കളിലേക്ക് മാറ്റിയേക്കുമെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത ഏകദേശം 14 ലക്ഷത്തിലേറെ പേരാണ് റാഫയിലുള്ളത്.

അതേ സമയം, പദ്ധതി പ്രകാരമുള്ള മാനുഷിക ദ്വീപുകൾ എന്താണെന്നോ അവയുടെ പ്രവർത്തനം എങ്ങനെയാണെന്നോ വ്യക്തമാക്കിയില്ല. ഇവിടെ എത്തിക്കുന്നവർക്ക് താമസവും ഭക്ഷണവും നൽകുമെന്ന് ഇസ്രയേൽ പറയുന്നു.

 മിസൈൽ പരീക്ഷിച്ച് ഹൂതികൾ

ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം തുടരുന്നതിനിടെയാണിത്.

മണിക്കൂറിൽ 6,200 മൈൽ വരെ വേഗതയുള്ള മിസൈലാണ് പരീക്ഷിച്ചതെന്നാണ് വിവരം. ചെങ്കടൽ, അറേബ്യൻ കടൽ, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ആക്രമണത്തിനായി വൈകാതെ ഈ മിസൈൽ ഉപയോഗിക്കുമെന്ന് ഹൂതി കേന്ദ്രങ്ങൾ പറയുന്നു.