
തിരുവനന്തപുരം : വൻതുക വായ്‌പ വാഗ്ദാനം ചെയ്ത് പ്രമുഖ മലയാളി നടിയിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. യാസർ ഇഖ്ബാൽ (51) എന്നയാളിനെയാണ് കൊൽക്കത്തയിൽ നിന്ന് അതിസാഹസികമായി കൊൽക്കത്ത പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നു.
130 കോടിയുടെ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. പണം കൈമാറിയിട്ടും വായ്പ ലഭിക്കാത്തതിനെ തുടർന്ന് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് കൊൽക്കത്തയിലേക്ക് യാത്ര തിരിച്ചു. തുടർന്ന് നഗരത്തിലെ ടാഗ്ര പൊലീസ് സ്റ്റേഷൻ
പരിധിയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസർ ഇഖ്ബാലിനെ പിടികൂടുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ, ഡി.എസ്.പി കെ.എസ്. സുദർശൻ എന്നിവരുടെ നിർദ്ദേശ പ്രകാരം എറണാകുളം അസി. കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ആൽബി എസ്. പുത്തുക്കാട്ടിൽ, അജിനാഥപിള്ള. സീനിയർ സി.പി.ഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.