
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിപ്പവും ശക്തിയുമുള്ള റോക്കറ്റായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പിന്റെ ഇന്നല നടന്ന മൂന്നാം പരീക്ഷണ വിക്ഷേപണം ഭാഗിക വിജയം. ടെക്സസിലെ ബോക ചികയിലെ സ്റ്റാർ ബേസ് വിക്ഷേപണത്തറയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന റോക്കറ്റിന്റെ പറക്കൽ ഏകദേശം പൂർത്തിയായി.
എന്നാൽ, ഒരു മണിക്കൂറിനുള്ളിൽ ഭൗമാന്തീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിനിടെ സ്റ്റാർഷിപ്പുമായുള്ള ബന്ധം സ്‌പേസ് എക്‌സിന് നഷ്ടമായി. സ്റ്റാർഷിപ്പ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കാനിരിക്കെയാണ് ബന്ധം നഷ്ടമായത്. ഇതോടെ സ്റ്റാർഷിപ്പ് സ്വയം പൊട്ടിത്തെറിച്ചു. ഇത്തവണ മുൻ പരീക്ഷണങ്ങളിൽ നിന്ന് ഏറെ പുരോഗതി കൈവരിച്ചതായി സ്‌പേസ് എക്‌സ് ചൂണ്ടിക്കാട്ടി. എൻജിനുകളെല്ലാം പ്രവർത്തിച്ചു. പൂർണ വിജയം നേടും വരെ പരീക്ഷണം തുടരും.
മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച സ്‌റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണം 2023 ഏപ്രിലിൽ നടന്നിരുന്നെങ്കിലും എൻജിൻ തകരാർ മൂലം നാല് മിനിട്ടിനകം പൊട്ടിത്തെറിച്ചിരുന്നു.
നവംബറിലായിരുന്നു 395 അടി ഉയരമുള്ള സ്‌റ്റാർഷിപ്പിന്റെ രണ്ടാം പരീക്ഷണം. എട്ട് മിനിറ്റ് സഞ്ചരിച്ച ശേഷം ബൂസ്റ്ററിൽ നിന്ന് സ്റ്റാർഷിപ്പിന്റെ മുകൾ ഭാഗം വിജയകരമായി വേർപ്പെട്ട് ബഹിരാകാശത്തെത്തിയെങ്കിലും വൈകാതെ പൊട്ടിത്തെറിച്ചിരുന്നു.