
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം ബസുകളില്‍ പരിശോധന നടത്തി കെഎസ്ആര്‍ടിസി. വയറിംഗ് സംബന്ധമായ പരിശോധനകാളാണ് കായംകുളത്ത് വെസ്റ്റ് ബ്യൂള്‍ ബസിന് തീപിടുത്തമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയത്.
വിവിധ ഡിപ്പോകളിലെ ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി. 5576 ബസുകള്‍ പരിശോധിച്ചതില്‍ 1366 എണ്ണത്തിന് വിവിധ തരത്തിലുള്ള എയര്‍ ലീക്ക് സംബന്ധമായ തകരാറുകളുണ്ടായിരുന്നു. ഇതില്‍ 819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ബസ്സുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്തു.
ബാക്കിയുള്ള ബസുകളുടെ എയര്‍ ലീക്ക് സംബന്ധമായ തകരാറുകള്‍ മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ്സുകളിലെ എയര്‍ ലീക്ക് കാരണം ഡീസല്‍ ചെലവ് വര്‍ദ്ധിക്കുന്നു എന്നത് ഏറ്റവും പ്രാധാന്ന്യമേറിയ കാര്യമാണ്.
എയര്‍ ലീക്ക് പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ഇന്ധന ചെലവ് വലിയതോതില്‍ കുറയ്ക്കാനും അതിലൂടെ ലാഭം നേടാനും കഴിയും. കെഎസ്ആര്‍ടിസിയില്‍ നിരവധി മേഖലകളില്‍ വരുമാനചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും അത് പരിഹരിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും സ്ഥാനമേറ്റെടുത്ത സമയത്ത് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.