police


എടക്കര: മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന വഴിക്കടവ് റെയ്ഞ്ചിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ ഹിന്ദി സംസാരിക്കുന്ന യുവതിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കോളനിയില്‍ പരിശോധന നടത്തി. എന്നാല്‍ ബീഹാര്‍ സ്വദേശിയായ യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മനസിലായതോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സര്‍വ്വസജ്ജരായാണ് പൊലീസ് സംഘം കോളനിയിലെത്തിയത്.

കോളനിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് യുവതിയെ സ്റ്റേഷനിലെത്തിച്ചത്. പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടീ ഷര്‍ട്ടും പാന്റ്‌സും അതിന് പുറത്ത് സാരിയും ധരിച്ചിരുന്ന ഇവര്‍ക്ക് 24 വയസ് തോന്നിക്കും. ബുധനീദേവിയെന്നും ദില്‍ഷന്‍ യാദവെന്നും മാതാപിതാക്കളുടെ പേരുപറയുന്ന യുവതി കാളിമന്ദിറിനു സമീപം, പൂര്‍ണ്ണിയ ജില്ല, പറ്റ്‌ന, ബീഹാര്‍ എന്നാണ് മേല്‍വിലാസം പറയുന്നത്. ആഷിഷ് യാദവ് എന്നയാളാണ് ഭര്‍ത്താവെന്നും ആറ് വയസുള്ള മകളുണ്ടെന്നും പറയുന്നു.

അതേസമയം, ജനവാസ കേന്ദ്രത്തില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ഉള്‍വനത്തിലുള്ള കോളനിയില്‍ യുവതി എങ്ങനെ എത്തിപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ല. യുവതിയെ മൂന്ന് ദിവസം മുമ്പ് വഴിക്കടവ് നാടുകാണി അതിര്‍ത്തിക്കടുത്ത് ജാറത്തിനു സമീപം കണ്ടതായി ഡ്രൈവര്‍മാര്‍ പറയുന്നു.

വന്യജീവികളുടെ വിഹാരകേന്ദ്രമായ നെല്ലിക്കുത്ത് വനാന്തര്‍ഭാഗത്താണ് പുഞ്ചക്കൊല്ലി കോളനി. കാട്ടിലൂടെ കാല്‍നടയാത്ര ചെയ്ത് കോളനിയിലെത്തിയതാവാനാണ് സാദ്ധ്യത. രാത്രി കാട്ടില്‍ കിടക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.