
ലണ്ടൻ: ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയങ്കരിയാണ് ബാർബി പാവ. തിളക്കമാർന്ന കണ്ണുകളും പട്ടുപോലെ മിനുസമായ തലമുടിയുമുള്ള, അതിമനോഹരമായ ഗൗണുകൾ ധരിച്ച ബാർബി പാവകൾ മാത്രമല്ല, പ്രമുഖ വ്യക്തികളിൽ നിന്നും സ്വാധീനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട സ്പെഷ്യൽ എഡിഷൻ ബാർബികളും വിപണിയിൽ സജീവമാണ്.
അത്തരത്തിൽ സ്പെഷ്യൽ എഡിഷൻ നിരയിലേക്ക് പുതിയതായി എത്തിയിരിക്കുന്നത് ബ്രിട്ടണിലെ കാമില്ല രാജ്ഞിയുടെ രൂപത്തിലെ ബാർബി പാവയാണ്. ചാൾസ് രാജാവിന്റെ പത്നിയായ 76കാരിയായ കാമില്ല വിമൺ ഒഫ് ദ വേൾഡ് ഫൗണ്ടേഷന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ചെയ്ത ജോലികൾ കണക്കിലെടുത്താണ് പാവ ഒരുക്കിയിരിക്കുന്നത്. കാമില്ലയ്ക്കായി ബ്രിട്ടീഷ് ഡിസൈനർ ഫിയോണ ക്ലെയർ ഒരുക്കിയ നീല നിറത്തിലെ ഡ്രസിന്റെ മാതൃകയാണ് പാവയെ അണിയിച്ചിട്ടുള്ളത്. ബെൽജിയത്തിലെ മാറ്റിൽഡെ രാജ്ഞി, നടി ഹെലൻ മിറൻ എന്നിവരുടെ രൂപത്തിലെ ബാർബിയും പുറത്തിറങ്ങി.
എലിസബത്ത് രാജ്ഞിയുടെ രൂപത്തിലെ ബാർബി പാവയും നേരത്തെ വിപണിയിലെത്തിയിരുന്നു. സിനിമാ നടിമാർക്ക് പുറമേ ഹെലൻ കെല്ലർ, ബില്ലി ജീൻ കിംഗ്, സാലി റൈഡ്, മായ ആഞ്ചലോ, റോസ പാർക്ക്സ്, എല്ല ഫിറ്റ്‌സ്‌ജെറാൾഡ്, ഫ്ലോറൻസ് നൈറ്റിംഗേൽ, അമേലിയ എയർഹാർട്ട്, കാതറിൻ ജോൺസൺ, എലനോർ റൂസ്‌വെൽറ്റ്, സൂസൻ ബി. ആന്റണി, ഫ്രിഡ കാഹ്‌ലോ, നവോമി ഒസാക, ഇന്ത്യൻ പാരാ ബാഡ്മിന്റൺ ചാമ്പ്യൻ മാനസി ജോഷി തുടങ്ങി ലോകത്തിന് പ്രചോദനമായി മാറിയ നിരവധി വനിതകളെയാണ് ബാർബി പാവകളുടെ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.