pm-modi

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ അദ്ദേഹം പത്തനംതിട്ടയിലെത്തി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. മോദി എന്തുപറയുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ. റബ്ബർ വിലയുമായി ബന്ധപ്പെട്ട നിർണായ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ, ജില്ലാ അദ്ധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.

പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നിന്ന് ഒരുലക്ഷത്തിലേറെ പ്രവർത്തകർ പരിപാടിക്കെത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. അനിൽ ആന്റണിയെക്കൂടാതെ സംസ്ഥാനത്തെ എൻ ഡി എ സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി വി മുരളീധരൻ, ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവർ വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

നിരോധിച്ചു

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകൾ ഉൾപ്പടെയുള്ളവ പറത്തുന്നത് കർശനമായി നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു. ഇരുസ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്‌റ്റുകൾ, ഏയറോമോഡലുകൾ, പാരാഗ്‌ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്‌ളൈഡറുകൾ, ഹോട് എയർ ബലൂണുകൾ, പട്ടങ്ങൾ എന്നിവ പറത്തുന്നതിനാണ് നിരോധനം. ഇന്ന് രാത്രി 10 വരെ ഉത്തരവ് നിലനിൽക്കും.