
ലോകത്തിലെ ഏറ്റവും നീളമേറിയ മതിലാണ് ചെെെനയിലെ വൻമതിൽ. വിദേശത്ത് നിന്നുള്ള കടന്നുകയറ്റങ്ങളെ തടയാൻ ക്രിസ്തുവിന് മുൻപ് ഏഴാംനൂറ്റാണ്ടിൽ പണി തുടങ്ങിയ ഈ മതിൽ നൂറ്റാണ്ടുകളെടുത്താണ് പൂർത്തിയാക്കിയത്. 1987ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച വൻമതിൽ ബി.സി 220നും എ.ഡി 1600കളിലെ മിംഗ് രാജവംശ കാലത്തിനുമിടയിലാണ് നിർമ്മിച്ചത്. 220 - 206 ബിസിയിൽ ആദ്യ ചെെനീസ് ചക്രവർത്തിയെന്ന് അറിയപ്പെടുന്ന ക്വിൻ ഷി ഹുവാംഗാണ് ബിസി 220ന് ഈ മതിലിന്റെ പണി ആരംഭിച്ചത്. പിന്നീട് വന്ന വിവിധ രാജവംശങ്ങളാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിക വസ്തുവാണ് ചെെന വൻമതിൽ. എന്നാൽ ഇതേ രൂപത്തിലുള്ള ഒരു വൻമതിൽ ഇന്ത്യയിലുണ്ടെന്ന് നിങ്ങൾക്ക് അറിയുമോ? യുനെസ്കോയുടെ പെെതൃക സ്ഥലങ്ങളുടെ പട്ടികയിലുള്ള ഈ വൻമതിൽ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് 80 കിലോമീറ്റർ വടക്കായി മേവാറിലെ ആരവല്ലി മലനിരകളുടെ പച്ചപ്പിന് നടുവിലായി സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് കോട്ടയിലാണ് ഈ മതിൽ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മതിലിന് 36 കിലോമീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്.
ആറാം നൂറ്റാണ്ടിൽ മൗര്യ വംശത്തിൽപ്പെട്ട സംപ്രതി മഹാരാജാവാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് വിശ്വാസം. എന്നാൽ കാലങ്ങൾക്ക് ശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ മേവാറിലെ റാണ കുംഭ രാജാവ് ഇത് പുതുക്കി പണിയുകയുണ്ടായി. ഏകദേശം 15വർഷമെടുത്താണ് ഇതിന്റെ പുനർ നിർമാണം പൂർത്തിയാക്കിയത്. ഈ ചുറ്റുമതിലിനകത്ത് വിവിധ മത വിഭാഗങ്ങളുടെ 360 ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

ചൈനീസ് വൻമതിൽ കഴിഞ്ഞാൽ നീളത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള വൻമതിലാണിത്. ഇക്കാര്യം രാജ്യത്തെ പലർക്കും അറിയില്ല എന്നുള്ളതാണ് വസ്തുത. കുംഭൽഗഡ് മതിലിന്റെ ഘടനയും രൂപകൽപനയും ചൈനീസ് വൻമതിലിനോട് ഒരു പരിധി വരെ സാമ്യമുള്ളതാണ്. അതിനാലാണ് ഇതിനെ ഇന്ത്യൻ വൻമതിലെന്നു വിളിക്കുന്നത്. ഈ കോട്ടയാണ് മഹാറാണ പ്രതാപിന്റെ ജന്മസ്ഥലമെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ രാജസ്ഥാൻ സർക്കാരിന്റെ സംരക്ഷണത്തിലാണ് കുംഭൽഗഡ് കോട്ട.