sbi

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തതെന്തെന്നും ചോദിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ബാങ്കിന് നിർദ്ദേശം നൽകി.

'ആരാണ് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായത്. അവർ ബോണ്ട് നമ്പർ പ്രസിദ്ധീകരിച്ചിട്ടില്ല. എസ്ബിഐയാണ് ഇക്കാര്യം വെളിപ്പെടുത്തേണ്ടത്'- ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വാദത്തിനിടെ പറഞ്ഞു. ഇലക്ട്രൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ പണം നൽകിയ ആളെക്കുറിച്ചും ഏത് രാഷ്ട്രീയപാർട്ടിക്കാണ് പണം നൽകിയതെന്നുമുള്ളത് മനസിലാക്കാൻ സാധിക്കൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്ന് ചോദിച്ചപ്പോൾ കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ മറുപടി നൽകിയത്.

സുപ്രീം കോടതി നിർദ്ദേശത്താൽ എസ്ബിഐ കൈമാറിയ കടപത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 15ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്.