തിരുവനന്തപുരം:പാളയം ജുമാ മസ്ജിദിൽ നോമ്പുകഞ്ഞി തയ്യാറാക്കുന്ന 32കാരൻ ആസിഫിന് പറയാനുള്ളത് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് സമാനമായ കഥ.ആസിഫിന്റെ ഉപ്പൂപ്പ മുഹമ്മദ് ഹനീഫയായിരുന്നു മുപ്പതു വർഷത്തിലേറെയായി പള്ളിയിൽ നോമ്പുകഞ്ഞി ഉണ്ടാക്കിയിരുന്നത്. പത്തുവർഷം മുമ്പ് ഹനീഫ മരിച്ചു.
ആസിഫിനെയും ഹനീഫയെയും ബന്ധിപ്പിക്കുന്ന രണ്ടാംതലമുറയിലെ കണ്ണിയായ ആസിഫിന്റെ അച്ഛൻ നജുമുദീന് പാചകത്തോട് താത്പര്യമില്ലായിരുന്നു. ഹോൾസെയിലായി മീൻ വില്പനയായിരുന്നു നജുമുദീന്റെ തൊഴിൽ.എന്നാൽ, ഉസ്താദ് ഹോട്ടലിലെ ഫൈസിയെപ്പോലെ ആസിഫ് ഉപ്പൂപ്പയുടെ പാത പിന്തുടർന്നു.കുട്ടിക്കാലം മുതൽ പാചകത്തിന് ഉപ്പൂപ്പയുടെ കൈസഹായി ആസിഫായിരുന്നു.പ്ലസ്ടു കഴിഞ്ഞ് മൊബൈൽ ടെക്നോളജിയിൽ ഡിപ്ലോമ ചെയ്യുമ്പോഴും കല്യാണപ്പുരകളും ബിരിയാണിച്ചെമ്പുമായിരുന്നു മനസിൽ. ഇതിനിടെ ഫാർമസിസ്റ്റായ രേവതിയെ 'ഒരല്പം മൊഹബത്തിലൂടെ' ജീവിതസഖിയാക്കി.

ഹനീഫയുടെ നോമ്പുകഞ്ഞിയുടെ കൈപ്പുണ്യം കൊണ്ടാണ് അദ്ദേഹത്തിന്റെ മരണശേഷവും അതേ കുടുംബത്തിൽ ഉള്ളവരെത്തന്നെ പാചകം ഏല്പിച്ചതെന്ന് പാളയം പള്ളി ജനറൽ സെക്രട്ടറി ജെ.ഹാരിഫ് പറഞ്ഞു.മുൻവർഷങ്ങളിലും ആസിഫിന്റെ ബന്ധുക്കളായിരുന്നു പാചകം ചെയ്തിരുന്നത്.ആസിഫ് ഭാര്യയ്ക്കും മക്കളായ അബ്ദുള്ളയ്ക്കും നൂഹയ്ക്കുമൊപ്പം വട്ടിയൂർക്കാവിലാണ് താമസം.
28 ചേരുവകൾ
രുചിയും ഗുണവും ചേർന്നതാണ് പാളയം പള്ളിയിലെ ഔഷധക്കഞ്ഞി.വെളുത്തുള്ളിയും തക്കാളിയും ജീരകവും കറുകപ്പട്ടയും ഉൾപ്പെടെ 28 ചേരുവകൾ.രുചിക്ക് പൈനാപ്പിളും നെയ്യും ചേർക്കും.തലമുറകൾ കൈമാറിയ തനിമയും കൂട്ടുണ്ട്. പെരുന്നാളിന്റെ തലേദിവസം വരെ എന്നും വൈകിട്ട് പള്ളിയിലെത്തുന്ന ആർക്കും കഞ്ഞി കുടിക്കാം. രാവിലെ 6 മുതൽ തയ്യാറെടുപ്പുകൾ തുടങ്ങും.പൂർത്തിയാക്കാൻ മൂന്നു മണിക്കൂറെടുക്കും. ദിവസേന 1500 പേർക്കുള്ളതാണ് ഉണ്ടാക്കുന്നത്. 80-85 കിലോ അരി പ്രതിദിനം ഉപയോഗിക്കും.കപ്പയ്ക്കും പയറിനും ഒപ്പമാണ് നൽകുന്നത്.രണ്ട് സഹായികളുണ്ട്.മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി വിറകടുപ്പിലാണ് ഇപ്പോഴും പാചകം ചെയ്യുന്നത്.