
ചില വക്കീലന്മാരുണ്ട്. കക്ഷികളോടുള്ള കൂറ് സംശയിക്കേണ്ട; പക്ഷേ വാദിച്ച് കുളമാക്കും. ഒടുവിൽ വാദി പ്രതിയാകും. യഥാർത്ഥ പ്രതി തടിയൂരും. അതുപോലെ, കുളിപ്പിച്ചു കുളിപ്പിച്ച് പിള്ളയെ ഇതാക്കുന്ന പണിയാണ് സി.പി.എം നേതാവ് ഇ.പി.ജയരാജൻ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ
കേരളത്തിൽ യഥാർത്ഥ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന ഇ.പി. ജയരാജന്റെ ആവർത്തിച്ചുള്ള
പരാമർശമാണ് കോൺഗ്രസ് നേതാക്കളെ ചൊറിഞ്ഞത്. അപ്പോൾ, തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താവുമെന്ന് ജയരാജൻ സമ്മതിച്ചോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം.
രാവിലെ കൂട് തുറന്നുവിടുമ്പോൾ കോഴികൾ പുറത്തേക്ക് പായുന്നതു പോലെ കഴിഞ്ഞ കുറെ ദിവസമായി ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കു കണ്ട് പാവം ഇ.പി അങ്ങനെ പറഞ്ഞുപോയതാണ്. അല്ലാതെ കേരളത്തിൽ ബി.ജെ.പിക്ക് ഇല്ലാത്ത ശക്തി പെരുപ്പിച്ചു കാട്ടാനല്ലെന്നാണ് ചാനൽ സഖാക്കളുടെ വ്യാഖ്യാനം. എങ്കിൽ, കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ വളരെ മികച്ചവരാണെന്ന ഇ.പിയുടെ വ്യാഖ്യാനം ബി.ജെ.പിക്കാരെ സുഖിപ്പിക്കാനല്ലേ? അതിന് വ്യക്തമായ ഉത്തരം നൽകാതെ ചാനൽ സഖാക്കൾ കുഴങ്ങുന്നു.
കോൺഗ്രസിൽ നിന്ന് കെ, കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിക്കുന്നതിൽ ഇ.പി ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് സതീശന്റെ മറ്റൊരു ആരോപണം. കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പദ്മജയെയും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയും സി.പി.എമ്മിലെത്തിക്കാൻ ഇ.പിയുടെ ആവശ്യപ്രകാരം താൻ ശ്രമം നടത്തിയിരുന്നുവെന്ന് ദല്ലാൾ നന്ദകുമാർ. ദീപ്തി ഇ.പിയെ അങ്ങോട്ടു പോയി കണ്ടെന്ന് ദല്ലാൾ. അതല്ല, ദല്ലാൾ തന്നെ വന്നു കാണുകയായിരുന്നുവെന്ന് ദീപ്തി. ഇ.പിയല്ല, യെച്ചൂരി പറഞ്ഞാലും സി.പി.എമ്മിലേക്കില്ലെന്ന് ഒരു ശപഥവും! എന്തായാലും, സി.പി.എമ്മിലേക്ക് ക്ഷണിച്ച് ദല്ലാൾ നന്ദകുമാർ തന്നെ
സമീപിച്ചിരുന്നുവെന്ന് പദ്മജയുടെ സമ്മതിച്ചു. ഇ.പിയുടെ പേര് പദ്മജ പറയാത്തത് ഭാഗ്യം. കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ! പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ പോലെ 'കോൺഗ്രസിൽ കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ അവിടെ കണ്ടില്ലെന്നു വരുത്തുന്നതും ഇ.പി' എന്നാണോ?
കോൺഗ്രസിൽ ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല എന്ന സ്ഥിതി വച്ച് ഇ.പി പറഞ്ഞതാണ്. പക്ഷേ, ഇ.പിയുടെ നാവുദോഷം ഒടുവിൽ സ്വന്തം പാർട്ടിക്കു തന്നെ വിനയായി. കേരളത്തിൽ തിരഞ്ഞെടുപ്പ് മത്സരം എൽ.ഡി.ഫും യു.ഡി.എഫും തമ്മിലാണെന്നും, ബി.ജെ.പി തറപറ്റുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി സഖാവ് തിരുത്തിപ്പറഞ്ഞു. പിന്നാലെ ഗോവിന്ദൻ മാഷും ശൈലജ ടീച്ചറുമെല്ലാം അത് ഏറ്റുപറഞ്ഞു. വെട്ടിലായ ഇ.പി പറഞ്ഞതൊക്കെ വിഴുങ്ങി. ബി.ജെ.പിയെ തോൽപ്പിക്കണമെന്നാണ് താൻ പറഞ്ഞതെന്നായി! പഴി പത്രക്കാർക്ക്.
തിരുവനന്തപുരത്തെയും തൂശൂരിലെയും പാലക്കാട്ടെയും മറ്റും ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന ഇ.പിയുടെ സർട്ടിഫിക്കറ്റിന് നന്ദി പറഞ്ഞ് കെ. സുരേന്ദ്രൻ. ഇ.പി. ജയരാജൻ, എൽ.ഡി.എഫിന്റെയാണോ, അതോ എൻ.ഡി.എയുടെയാണോ കൺവീനറെന്ന് വി.ഡി. സതീശന് സംശയം. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബിസിനസ് പങ്കാളിയാണ് ഇ.പിയെന്നു വരെ പഴി കേട്ടു. മനുഷ്യന് ശത്രുവിനെയും,മിത്രത്തെയും ഉണ്ടാക്കുന്നത് സ്വന്തം നാവ് തന്നെ!
ഒരു കാലത്ത് സംസ്ഥാനത്തെ കലാലയങ്ങളിൽ സംസ്കാരത്തിന്റെയും മാനവികതയുടെയും പര്യായമായിരുന്നു എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന. കെ.എസ്.യുവിന്റെ കുത്തകയായിരുന്ന പല പ്രമുഖ കലാലയങ്ങളിലെയും സർവകലാശാലകളിലെയും യൂണിയനുകൾ സ്വന്തമാക്കിയതും അങ്ങനെയാണ്. ഇന്നത്ത മുഖ്യമന്ത്രിയും പല മന്ത്രിമാരും നേതാക്കളുമൊക്കെ ആ നേതൃ പരമ്പരയിൽപ്പെട്ടവർ. അന്നൊക്കെ വിദ്യാർത്ഥി സംഘടനയുടെ നിയന്ത്രണം പാർട്ടിക്കായിരുന്നു. ഇന്നത്തെ സ്ഥിതിയോ? കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയെന്ന് വിമർശിക്കുന്നവരിൽ ശത്രുക്കൾ മാത്രമല്ല.പഴയ എസ്.എഫ്.ഐ നേതാക്കളുമുണ്ട്.
ക്യാമ്പസുകളിലെ ഇടിമുറികളിൽ ആൾക്കൂട്ട വിചാരണ. മർദ്ദനം. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ മുതൽ കേരള സർവകലാശാലാ കലോത്സവം 'കലാപോത്സവ'മാക്കിയതിലും, നൃത്താദ്ധ്യാപകന്റെ ആത്മഹത്യയിലും വരെ സംഘടന പ്രതിക്കൂട്ടിൽ.സിദ്ധാർത്ഥിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ വരെ പൊലീസ് പിടിയാലായിട്ടും പ്രതികളെ വെള്ള പൂശുകയായിരുന്നു പാർട്ടി നേതാക്കൾ. സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ചയുടൻ കേസന്വേഷണം സി,ബി.ഐക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടി അവർക്കുള്ള മറുപടിയായി. 'കുട്ടികളെ അടിച്ചു വളർത്തണം. കറികൾ അടച്ചുവച്ച് വേവിക്കണം!"
പാർലമെന്റിൽ 2019- ൽ പൗരത്വ ഭേദഗതി ബിൽ പാസാക്കുമ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ എവിടെയായിരുന്നു?പാർട്ടി പ്രസിഡന്റായിരുന്ന സോണിയാജിയുടെ വസതിയിലിരുന്ന് ശാപ്പാട് കഴിക്കുകയായിരുന്നു എന്നാണത്രെ മുഖ്യമന്ത്രി പിണറായി വിജയനു കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ട്. പിണറായിയെപ്പോലെ ഇത്ര പച്ചക്കള്ളം പറയുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് കെ. മുരളീധരൻ. പിണറായി- ബി.ജെ.പി അന്തർധാര സജീവമാണെന്നതിന്റെ തെളിവെന്ന് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ഏക ആൺ തരി എ.എം. ആരിഫിനെ അപ്പോൾ ലോക്‌സഭയിൽ കാണാനില്ലായിരുന്നുവെന്ന് ലീഗ് നേതാക്കളുടെ പ്രത്യാരോപണം.
തിരഞ്ഞെടുപ്പ് മാമാങ്കമായി. ഇനി ശതകോടികൾ ഒഴുക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ. ഈ 'മണികിലുക്ക'ത്തിനിടയിൽ വയർ മുറുക്കിയുടുത്ത് ജീവിക്കാൻ വിധിക്കപ്പെട്ട തങ്ങളെ മറന്നു കളയരുതേ എന്നാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഏക അത്താണിയായ ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രാർത്ഥന. രാജ്യത്തിന്റെ ക്ഷേമം ദരിദ്രനാരായണന്മാരുടെ കൂടി ക്ഷേമമാണെന്നാണ് മഹാത്മജിയുടെ നിർവചനം. മൂന്നു മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വിഷുക്കൈനീട്ടമായി നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഈ പ്രാർത്ഥന കേട്ടതിന്റെ ഫലമാവാം. നന്ദി ആരോട് ചൊല്ലേണ്ടൂ!
നുറങ്ങ്: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ നാലുദിവസം മുമ്പ് വിജ്ഞാപനം ചെയ്ത ശേഷം രാഹുൽ ഗാന്ധി അതേപ്പറ്റി ഉരിയാടിയിട്ടില്ലെന്ന് പിണറായി സഖാവിന്റെ പരാതി.
□ പല്ലുവേദന കൊണ്ടാവാം. വിഷമിക്കേണ്ട; ശരിയായിക്കൊള്ളും.
(വിദുരരുടെ ഫോൺ-99461 08221)