
ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ മകൻ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങുകൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന തലത്തിലായിരുന്നു. ലോകത്തെ ശതകോടീശ്വരന്മാരും ബോളിവുഡ് താരങ്ങളും പങ്കെടുത്ത വിവാഹത്തിൽ പോപ്പ് ഗായിക റിഹാനയുടെ പരിപാടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
മുകേഷ് അംബാനിയെ കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത പേരാണ് ഭാര്യ നിത അംബാനിയുടേത്. മുകേഷ് അംബാനിയുടെ ബിസിനസ് മേൽനോട്ട ചുമതലയും നിത അംബാനി വഹിക്കുന്നുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുകേഷിനെ വിവാഹം കഴിക്കാനിടയായ സാഹചര്യത്തെ കുറിച്ചായിരുന്നു ആ അഭിമുഖത്തിൽ നിത വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ നിത അംബാനിക്ക് റിലയൻസ് നൽകുന്ന ശമ്പളത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മുകേഷ് അംബാനിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നിത അംബാനി ഒരു സ്‌കൂൾ അദ്ധ്യാപികയായിരുന്നു. അന്ന് നിതയ്ക്ക് പ്രതിമാസം ശമ്പളമായി ലഭിച്ചത് 800 രൂപയായിരുന്നു. അക്കാര്യം അഭിമുഖത്തിൽ നിത വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന് ശേഷം നിത അംബാനി റിലയൻസിന്റെ ഭാഗമാകാൻ തയ്യാറായിരുന്നില്ല. മുംബയിലെ സൺഫ്ളവർ നഴ്സറി സ്‌കൂളിൽ വിവാഹത്തിന് ശേഷം നിത അംബാനി ജോലി ചെയ്തിട്ടുണ്ട്. 2014ൽ ആയിരുന്നു നിത അംബാനി റിലയൻസിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ അംഗമാകുന്നത്. ഇന്ന് നിത അംബാനി സിറ്റിംഗ് ഫീസായി നിത വാങ്ങുന്നത് ആറ് ലക്ഷം രൂപയാണ്. കൂടാതെ ലാഭം കണക്കാക്കിയുള്ള കമ്മിഷനായി രണ്ട് കോടി രൂപയും നൽകുന്നുണ്ട്. 2022-23ലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.