election

ന്യൂ‌ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. ആന്ധ്ര, അരുണാചൽ, ഒഡീഷ നിയമസഭ തീയതികൾ പ്രഖ്യാപിക്കും. ഇതിനൊപ്പം ജമ്മു കാശ്‌മീരിലും തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയുണ്ടെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ അംഗങ്ങളായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിംഗ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയശേഷമാണ് തീയതികൾ അറിയിക്കാനായി നാളെ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്.

CEC Shri Rajiv Kumar welcomed the two newly-appointed Election Commissioners, Shri Gyanesh Kumar & Dr Sukhbir Singh Sandhu who joined the Commission today
#ECI #ChunavKaParv pic.twitter.com/9cHMWF0UOo

— Spokesperson ECI (@SpokespersonECI) March 15, 2024

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ഈ ആഴ്ച ജമ്മു കാശ്മീർ പര്യടനത്തോടെയാണ് ഇത് അവസാനിച്ചത്.

ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. പലയിടത്തും സ്ഥാനാർത്ഥികൾ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 543 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.