
ഊട്ടിയെപ്പോലെയെന്നല്ല ഊട്ടി തന്നെ. ചുരുങ്ങിയ കാലംകൊണ്ട് വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ അരിമ്പ്രയിലെ മിനി ഊട്ടി. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പച്ചപ്പും മലകളും താഴ്വാരവും കോടമഞ്ഞുമായി കണ്ടാൽ ആരും മോഹിച്ചുപോകും. ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 445 അടി ഉയരത്തിലാണ് ഈ പ്രദേശം. പോകുന്ന വഴിക്ക് ഹെയർപിൻ വളവുകൾ എന്ന് പറയാവുന്ന വളവുകളും നിരവധിയുണ്ട്.
.
ഊട്ടിയ്ക്ക് സമാനമായി നിരവധി വ്യൂ പോയിന്റുകൾ ഇവിടെയുണ്ട്. അവിടങ്ങളിൽ നിന്നാൽ പ്രദേശത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാം. ഉള്ളം കുളിർപ്പിക്കുന്ന തണുപ്പിൽ കാഴ്ചകൾ കണ്ടുനടക്കുമ്പോഴുള്ള അനുഭവം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആവില്ല. അടുത്തിടെ അമ്യൂസ്മെന്റ് പാർക്കുകൾ കൂടി സ്ഥാപിച്ചതോടെ സഞ്ചാരികൾ ഇവിടേയ്ക്ക് ഒഴുകിയെത്തുകയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഗ്ളാസ് ബ്രിഡ്ജും ഇവിടെയാണ്.
കൊണ്ടോട്ടി താലൂക്കിലെ മിനി ഊട്ടി വളരെ പെട്ടെന്നാണ് സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളർന്നത്. കരിപ്പൂർ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള പ്രദേശം കൂടി ആയതിനാൽ താഴ്ന്നുപറക്കുന്ന വിമാനങ്ങളെയും ഇടതടവില്ലാതെ കാണാനാവും. അതും മറ്റൊരു ആകർഷണീയത തന്നെയാണ്.