
തിരുവനന്തപുരം : വൃത്തിഹീനമായി പ്രവർത്തിച്ച 54 ഷവർമ്മ വില്പന കേന്ദ്രങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ തോമസ് ജേക്കബ് , ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.