
ഒന്നിലധികം പാൻ കാർഡുകൾ ഉളളവരാണ് നിങ്ങളെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദായനികുതി വകുപ്പിന്റെ നിയമങ്ങളനുസരിച്ച് ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തെറ്റാണ്. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുളളവർക്കെതിരെ 10,000 രൂപ പിഴയായി ചുമത്താവുന്നതാണ്. ഇങ്ങനെയുളളവർ അടിയന്തരമായി പാൻ കാർഡുകൾ സറണ്ടർ ചെയ്യേണ്ടതാണ്.
ഓൺലൈനായി പാൻ കാർഡുകൾ സറണ്ടർ ചെയ്യേണ്ടത് ഇങ്ങനെയാണ്.
1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ യുടിഐഐടിഎസ്എലിലൂടെ ആദ്യം ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്തതിന് ശേഷം അടിസ്ഥാന വിവരങ്ങളായ പേര്, ബന്ധപ്പെടാനുളള ഫോൺ നമ്പർ, ജനനത്തീയതി, പിതാവിന്റെ പേര്, മേൽവിലാസം തുടങ്ങിയ ഉൾപ്പെടുത്തുക.
2. ശേഷം തുറന്നുവരുന്ന പേജിൽ ഏത് പാൻ കാർഡാണോ നിലനിർത്തേണ്ടത് അതിന്റെ പത്തക്ക നമ്പർ ചേർക്കുക.
3. സറണ്ടർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. ശേഷം നിങ്ങളുടെ നമ്പറിലേക്ക് ഒരു അക്‌നോളജ്‌മെന്റ് നമ്പർ വരുന്നതാണ്. ഇത് നിങ്ങൾ അധികമുളള പാൻ കാർഡ് സറണ്ടർ ചെയ്തതിന്റെ തെളിവായി കണക്കാക്കാം.
ഓഫ്‌ലൈനായി ചെയ്യുന്നവർ ഇതൊന്നു ശ്രദ്ധിച്ചോളൂ
1. യുടിഐഐടിഎസ്എൽ എന്ന വെബ്സൈറ്റിലൂടെ പാൻ കാർഡ് മാറ്റുന്നതിനുളള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക.
2. അപേക്ഷ ഫോറത്തിൽ നിലനിർത്തേണ്ട പാൻ കാർഡിന്റെ പത്തക്ക നമ്പർ ചേർക്കണം. ബാക്കിയുളള പാൻ കാർഡുകളുടെ നമ്പർ ഫോമിലെ 11-ാമത്തെ കോളത്തിലും ചേർക്കണം.
3. ശേഷം പാൻകാർഡുകളുടെ കോപ്പികളടക്കമുളള രേഖകൾ അടുത്തുളള ഐടി പാൻ സർവ്വീസ് സെന്ററിലോ ടിഐഎൻ ഫെസിലിറ്റേഷൻ സെന്ററിലോ ഹാജരാക്കേണ്ടതാണ്.