
കാസർകോട്: നഗര ഹൃദയത്തിൽ കാസർകോട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന്റെ ലോക്കർ ഇളക്കിയെടുത്ത് പുറത്തുകടത്തി വൻ കവർച്ച. വ്യാപാരികളിൽ നിന്നും ദിവസേന എടുക്കുന്ന കലക്ഷൻ തുകയായ 1.37 ലക്ഷം രൂപയടങ്ങുന്ന ലോക്കറാണ് കവർന്നത്.
കോൺക്രീറ്റ് ചെയ്ത് ബോൾട്ടിട്ട് ഉറപ്പിച്ച ഒരു ക്വിന്റൽ തൂക്കം വരുന്നതാണ് ലോക്കർ. ഇതുകൂടാതെ മേശവലിപ്പിൽ ജീവനക്കാർ സൂക്ഷിച്ച 2000 രൂപയും കലക്ഷൻ ഏജന്റിന് നൽകാനായി വച്ച 10,000 രൂപയും കവർന്നിട്ടുണ്ട്. വ്യാപാരഭവന്റെ മുൻവശം ഗേറ്റ് പൂട്ടി കാവൽക്കാരൻ ഉണ്ടായിരുന്നെങ്കിലും കവർച്ച നടന്ന വിവരം ഇയാൾ അറിഞ്ഞിരുന്നില്ല. പിറക് വശത്തെ മരങ്ങളും മറ്റും വെട്ടിയിട്ട സ്ഥലത്ത് കൂടിയാണ് മോഷ്ടാവ് സഹകരണ സംഘത്തിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. ഓഫീസിൽ കയറിയ മോഷ്ടാവ് പണം സൂക്ഷിച്ച ലോക്കറുമായി വന്ന വഴിയേ പോയിരിക്കാമെന്നാണ് നിഗമനം. ജില്ലാ കമ്മിറ്റി ഓഫീസ് ഭാഗത്തേക്ക് കടന്നിരുന്നില്ല. രാവിലെ 9.30ഓടെ ജീവനക്കാർ എത്തിയപ്പോഴാണ് സംഘത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നതു കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും മറ്റും നഷ്ടപ്പെട്ടത് അറിഞ്ഞത്.
സഹകരണ സംഘം സെക്രട്ടറി അനിതയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി. പൊലീസ് നായ ബ്ലോക്ക് ഓഫീസ് പരിസരത്തേക്ക് ഓടിയ ശേഷം ദേശീയപാത ഭാഗത്തേക്കാണ് തിരിഞ്ഞത്.
ടൗൺ ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസിലെ സി.സി.ടി.വി ക്യാമറ പൊലീസ് പരിശോധിച്ചിട്ടുണ്ട്.