
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. 17കാരിയുടെ മാതാവിന്റെ പരാതിയിന്മേലാണ് നടപടി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സി.ഐ.ഡി) കൈമാറി.
കഴിഞ്ഞ മാസം ബംഗളൂരുവിലെ വസതിയിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം.
വ്യാഴാഴ്ച വൈകിട്ട് കുട്ടിയ്ക്കൊപ്പമെത്തി മാതാവ് ബംഗളൂരു സദാശിവനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്
ഇന്നലെ പുലർച്ചെ യെദിയൂരപ്പയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തുടർന്ന് കേസ് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. അദ്ദേഹത്തിന്റെ വസതിയിൽ സഹായം തേടി പോയതാണ്. എന്നാൽ യെദിയൂരപ്പ കുട്ടിയെ മുറിയിൽ കൊണ്ടുപോയി ഉപദ്രവിച്ചു. പിന്നീട് മാപ്പ് പറഞ്ഞു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ, സഹായിക്കുന്നതിന് എനിക്ക് ലഭിക്കുന്നത് ഇതാണെന്ന് യെദിയൂരപ്പ പ്രതികരിച്ചു. ഒന്നരമാസം മുമ്പ് ഇരുവരും സഹായം തേടി തന്റെ വസതിയിൽ വന്നിരുന്നു. താൻ അവരെ അകത്തേക്ക് കൊണ്ടുപോയി. അവരുടെ പ്രശ്നം പരിഹരിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുമായി സംസാരിച്ചു. തുടർന്ന് കമ്മിഷണറുടെ ഓഫീസിലേക്ക് അയച്ചു. അവർക്ക് കുറച്ചു പണവും നൽകി. തനിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.