
പാലക്കാട്: പാലക്കാട്ടെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇടുക്കി കൊന്നത്തടി പണിക്കൻകുടി പൊട്ടയിൽ ഷോജോ ജോൺ(55) നെയാണ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
ഷോജോ ജോൺ പാലക്കാട് കാടാങ്കോട് ദ്വാരകപുരി കോളനിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം വൈകീട്ട് പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 2.055 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയും ഷോജോയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ ഓഫീസിൽ എത്തിച്ചത്.തുടർന്ന് പുലർച്ചെ മൂന്നുമണിയോടെ കേസ് രജിസ്റ്റർ ചെയ്യുന്ന എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രാവിലെ ആറേ കാലോടെയാണ് പ്രതിയെ ലോക്കപ്പിന്റെ ഇരുമ്പ് വാതിലിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നുമാണ് എക്‌സൈസ് അധികൃതർ നൽകുന്ന വിശദീകരണം. തൊണ്ടിമുതൽ കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ മർദ്ദിക്കുകയോ കൂടുതൽ ചോദ്യം ചെയ്യലിന്റേയോ ആവശ്യമില്ല. കസ്റ്റഡിയിൽ സൂക്ഷിച്ച ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ റേഞ്ച് ഓഫീസിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന മധു, രഞ്ജിത്ത് എന്നീ ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവ് സംഭവിച്ചതായി കണ്ടെത്തി. ഇവരെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് വകുപ്പുതല അന്വേഷണവും നടക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ജ്യോതി. മക്കൾ: ദിയ, റിയ, അഞ്ചുമാസം പ്രായമുള്ള പെൺകുട്ടിയുമുണ്ട്.
മരണത്തിൽ ദുരൂഹതയെന്ന്
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോ ജോണിന്റെ ഭാര്യ ജ്യോതി പറഞ്ഞു. ഭർത്താവ് ഒരബദ്ധം കാണിച്ചുവെന്നും ഉടനെ ജില്ലാ ആശുപത്രിയിലേക്ക് വരാനും പറഞ്ഞാണ് എക്‌സൈസുകാർ തന്നെ വിളിച്ചത്. താൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഭർത്താവ് ഷോജോ ണോൺ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യമില്ല. സംഭവം നടക്കുമ്പോൾ ഓഫീസിൽ ആരുമില്ലെന്ന് പറയുന്നതിലും സംശയമുണ്ടെന്ന് ജ്യോതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.