h

പരിസ്ഥിതി സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും കൈവന്ന ജാഗ്രതയ്ക്കൊപ്പം വിപണിയിൽ ഡിമാൻഡ് വർദ്ധിച്ച രണ്ട് പ്രയോഗങ്ങളാണ് ഹരിതം, ജൈവം (ഗ്രീൻ, ഓർഗാനിക്) എന്നിവ. ഹരിത ഉത്പന്നങ്ങളും ജൈവ വിഭവങ്ങളും ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയുമെന്നത് പുതിയൊരു ഹരിത സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുമുണ്ട്. അതു നല്ല കാര്യം. അതേസമയം,​ പരിസ്ഥിതി സൗഹൃദവും ആരോഗ്യ സൗഹൃദവുമായ ഈ രണ്ടു വിഭാഗങ്ങളുടെയും പേരിൽ വിപണിയിലെത്തുന്ന ഉത്പന്നങ്ങളുടെ മറവിൽ എത്രയെണ്ണം യഥാർത്ഥത്തിൽ ഹരിത നിബന്ധനകൾ പാലിക്കുന്നുവെന്നതും,​ പൂർണമായും ജൈവ മാർഗങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.

ഹരിത,​ ജൈവ ഉത്പന്നങ്ങൾക്ക് പൊതുവെ വിലയേറും. അതുകൊണ്ടുതന്നെ വ്യാജന്മാർ വേണ്ടത്രയുണ്ട് താനും. ഇത്തരം വ്യാജ ഉത്പന്നങ്ങൾക്ക് തടയിടാൻ ഉദ്ദേശിച്ചാണ് കേന്ദ്ര സർക്കാർ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് പ്രത്യേകം മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിർദ്ദിഷ്ട മാർഗരേഖയുടെ കരട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയുടെ വെബ് സൈറ്രിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശിക്കാൻ ഈ 21-ാം തീയതി വരെ സമയമുണ്ട്. അതിനു ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ മാർഗരേഖ നിലവിൽ വരും. ഹരിത,​ ജൈവ ഉത്പന്നങ്ങളെന്ന് അവയുടെ പരസ്യങ്ങളിലും പായ്ക്കറ്റുകളിലും പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധിരിപ്പിച്ച്,​ അതിന്റെ പേരിൽ കൂടിയ വില ഈടാക്കി കബളിപ്പിക്കുന്നത് തടയാനാണ് മാർഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങളും ഗൃഹശുചീകരണ ഉപാധികളും മുതൽ പായ്ക്കറ്റിലടച്ച ഭക്ഷ്യ വിഭവങ്ങളുടെ വരെ ലേബലിൽ ഗ്രീൻ,​ ക്ളീൻ,​ ഇക്കോ ഫ്രണ്ട്ലി,​ ഗുഡ് ഫോർ പ്ളാനറ്റ് എന്നൊക്കെ വില്പനലക്ഷ്യത്തോടെ വ്യാജമായി രേഖപ്പെടുത്തുന്നവരാണ് കുടുങ്ങാൻ പോകുന്നത്. ഹരിത,​ ജൈവ മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്തവയാണെന്ന കൃത്യമായ രേഖകളും പ്രത്യേകാനുമതിയും ഉള്ള സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ മാത്രമേ ഇനി മേൽപ്പറഞ്ഞ മാതൃകയിൽ ലേബൽ രേഖപ്പെടുത്താൻ അധികാരമുണ്ടാകൂ. ഉത്പന്നങ്ങളുടെ ഹരിത,​ ജൈവ സ്വഭാവം സംബന്ധിച്ച അവകാശവാദങ്ങൾക്കുള്ള തെളിവുകൾ പരസ്യങ്ങളിൽ വ്യക്തിമാക്കിയിരിക്കണമെന്നാണ് മാർഗനിർദ്ദേശങ്ങളിലൊന്ന്. ദോഷവശങ്ങൾ മറച്ചുവച്ചാലും ഉപഭോക്താവിന് അതിനെ നിയമപരമായി ചോദ്യംചെയ്യാം. ഉപഭോക്താവിനെ വഴിതെറ്റിക്കുന്ന വിചിത്രവും സങ്കീർണവുമായ പ്രയോഗങ്ങൾ പരസ്യങ്ങളിൽ ഒഴിവാക്കി,​ ലളിതമായി കാര്യം പറയണമെന്നും നിർദ്ദേശമുണ്ട്.

അച്ചടി മാദ്ധ്യമങ്ങളിലും ടിവിയിലും നൽകുന്ന പരസ്യങ്ങൾക്കു മാത്രമല്ല,​ സമൂഹ മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്കു വരെ ഈ ഹരിത മാർഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. ഉത്പന്ന നിർമ്മാതാക്കളും വിപണനം നടത്തുന്നവരും കേന്ദ്ര മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കളും ഉണർന്നു പ്രവർത്തിക്കണം. ഗ്രീൻ,​ ഓർഗാനിക് തുടങ്ങിയ മുദ്രണങ്ങൾ കണ്ട് ആ ഉത്പന്നം പരിസ്ഥിതി സൗഹൃമാണെന്നും,​ ഭക്ഷ്യവിഭവം ആരോഗ്യപരമായി പൂർണ സുരക്ഷിതമാണെന്നും ധരിച്ച് വലിയ വിലകൊടുത്ത് വാങ്ങുന്ന നമുക്ക്,​ അത്തരം അവകാശവാദങ്ങൾ നൂറു ശതമാനം സത്യസന്ധമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ടെന്ന് മറക്കരുത്.