syamala

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അൻപത്തിമൂന്നുകാരി മരിച്ചതിനെ ചൊല്ലി ബന്ധുക്കൾ തമ്മിൽ തർക്കം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്ന പന്തളം ചേരിക്കൽ തെക്കേശേരിൽ ശ്യാമള (53) ആണ് മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതുകുമാറും മകൾ യാമിയും ആരോപിച്ചു. എന്നാൽ ചികിത്സാ പിഴവില്ലെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. പൊലീസെത്തിയാണ് ഇവരെ ശാന്തരാക്കിയത്. ചികിത്സാ പിഴവ് മൂലമെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

ആശുപത്രി അധികൃതർ പറയുന്നതിങ്ങനെ: കഴിഞ്ഞ ഏഴിന് അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് ശ്യാമളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക പരിശോധനയിൽ കാർഡിയോളജി പ്രശ്നമുള്ളതായി കണ്ടെത്തി കാർഡിയാക് ഐ.സി.യുവിലേക്ക് മാറ്റി. 11ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ വാർഡിലേക്ക് മാറ്റി. ഇതിനിടയിൽ ഹൃദയ വാൽവിന് തകരാറുള്ളതായി കണ്ടെത്തി. മാരകമായ ഹാർട്ട് അറ്റാക്ക് പ്രമേഹ ലക്ഷണങ്ങളുണ്ടായിരുന്നു. ക്ഷയ രോഗ ചികിത്സയിലുമായിരുന്നു.

ഇന്നലെ രാവിലെ 11.30ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി. സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ചൊവ്വാഴ്ച രാത്രി മുതൽ ശ്യാമളയ്ക്ക് ദേഹാസ്വസ്ഥതകളുണ്ടായെന്നും പല തവണ നഴ്സിനോട് ആവശ്യപ്പെട്ടിട്ടും പരിശോധിച്ചില്ലെന്നും മകൾ ആരോപിക്കുന്നു.

സ്ഥലത്തെത്തിയ ആന്റോ ആന്റണി എം.പിയോ‌ട് രാഷ്ട്രീയ ലാഭത്തിനായി എത്തിയതാണെന്ന് പറഞ്ഞ് ശ്യാമളയുടെ ബന്ധുക്കൾ തട്ടിക്കയറി. ശ്യാമളയുടെ മകൾ പറഞ്ഞിട്ടുവന്നതാണെന്ന് എം.പി പറഞ്ഞെങ്കിലും ബന്ധുക്കൾ ക്ഷുഭിതരായി. നിജസ്ഥിതി അന്വേഷിക്കാൻ പൊലീസിനോടാവശ്യപ്പെട്ട ശേഷം എം.പി മടങ്ങി.

ശ്യാമളയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.