pic

ടെൽ അവീവ്: സാമ്പത്തിക വിദഗ്ദ്ധൻ മുഹമ്മദ് മുസ്തഫ പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി. വെസ്​റ്റ് ബാങ്ക് ഭാഗങ്ങളിൽ നിയന്ത്രണമുള്ള പാലസ്തീനിയൻ നാഷണൽ അതോറി​റ്റി സർക്കാരിനെ ഇനി മുൻ സാമ്പത്തിക മന്ത്രി കൂടിയായ ഇദ്ദേഹം നയിക്കും.

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ മുൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യ കഴിഞ്ഞ മാസം രാജിവച്ച പശ്ചാത്തലത്തിൽ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് മുസ്തഫയെ തിരഞ്ഞെടുത്തത്.

ദീർഘകാലമായി അബ്ബാസിന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് 69കാരനായ മുസ്തഫ. പുതിയ പാലസ്തീനിയൻ അതോറി​റ്റി സർക്കാരിന്റെ രൂപീകരണമാണ് മുസ്തഫയ്ക്ക് മുന്നിലെ ആദ്യ ദൗത്യം. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മുസ്തഫ യു.എസിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്. പാലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചെയർമാനാണ്.