modi

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കണമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു.

മാര്‍ച്ച് 18നാണ് പ്രധാനമന്ത്രിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനവും റോഡ് ഷോയും. സുരക്ഷാ പ്രശ്‌നങ്ങള്‍, കോയമ്പത്തൂരിന്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടി ആദ്യം റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു റോഡ്ഷോ.

നഗരത്തില്‍ 3.6 കിലോമീറ്റര്‍ റോഡ്ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. 1998ലെ സ്ഫോടന പരമ്പര നടന്ന സ്ഥലങ്ങളില്‍ ഒന്നായ ആര്‍എസ് പുരത്താണ് പ്രധാനമന്ത്രിയുടെ റോഡ്ഷോ അവസാനിക്കുന്നത്. മാത്രമല്ല, കോയമ്പത്തൂരിന്റെ സാമുദായിക സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും റോഡ്‌ഷോകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും റോഡ്ഷോയ്ക്കായി നിര്‍ദ്ദേശിച്ച റൂട്ടില്‍ ഒന്നിലധികം സ്‌കൂളുകള്‍ ഉണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.