
കീവ്: യുക്രെയിനിലെ തുറമുഖ നഗരമായ ഒഡേസയിലെ ജനവാസ കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 20 മരണം. 70 പേർക്ക് പരിക്കേറ്റു. ഇന്നലെ റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചതിനിടെയാണ് ആക്രമണം.
പുലർച്ചെ മിസൈലുകളിലൊന്ന് ഒഡേസയിലെ വീടുകളിലേക്ക് പതിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർ അടക്കമുള്ള എമർജൻസി ടീം സ്ഥലത്തെത്തിയിരുന്നു. ഇവർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ രണ്ടാമതൊരു മിസൈൽ കൂടി പതിച്ചു.
കൊല്ലപ്പെട്ടവരിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പത്ത് വീടുകൾ തകർന്നു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. മിസൈലുകൾ ക്രൈമിയയിൽ നിന്ന് വിക്ഷേപിക്കപ്പെട്ടവയാണെന്ന് കരുതുന്നു.
അതേ സമയം, റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ യുക്രെയിനും ആക്രമണം ശക്തമാക്കി. ബെൽഗൊറോഡിലുണ്ടായ യുക്രെയിൻ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 5 വീടുകളും 25 വാഹനങ്ങളും തകർന്നു.
റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തുടക്കം
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ സുരക്ഷ ശക്തമാക്കി. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് മേഖലകളിലും ക്രൈമിയയിലും വോട്ടെടുപ്പ് നടത്തുന്നുണ്ട്. ഖേഴ്സണിൽ പോളിംഗ് സ്റ്റേഷനുകൾക്ക് നേരെ യുക്രെയിൻ ഷെല്ലാക്രമണം നടത്തിയെന്ന് റഷ്യ ആരോപിച്ചു.പോളിംഗ് സ്റ്റേഷനുകളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് അടക്കമുള്ള നഗരങ്ങളിൽ നിന്ന് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വരെയാണ് വോട്ടെടുപ്പ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനായാസം അഞ്ചാം തവണയും ഭരണത്തുടർച്ച നേടുമെന്നാണ് വിലയിരുത്തൽ.