election-commission

ന്യൂഡൽഹി:ഇത്തവണത്തെ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകാശ്‌മീരിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ സസ്‌പെൻസ് ബാക്കി. 370ാം വകുപ്പ് റദ്ദാക്കിയതോടെ ഇല്ലാതായ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമ്മുകാശ്‌മീരിൽ സെപ്തംബർ 30-നകം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ഇന്ന് വൈകിട്ട് 3ന് വിജ്ഞാൻ ഭവൻ ഒാഡിറ്റോറിയത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും ചേർന്ന് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പഖ്യാപിക്കുക. പത്രസമ്മേളനം കമ്മിഷന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തൽസമയം കാണാം.

2019 ലെ തിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായിരുന്നു. മേയ് 23ന് ഫലം പ്രഖ്യാപിച്ചു. 17-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന ജൂൺ 16-ന് മുൻപ് പുതിയ സർക്കാർ അധികാരമേൽക്കും വിധമായിരിക്കും തിരഞ്ഞെടുപ്പ് ഷെഡ്യൂൾ.

ലോക്‌സഭയ്‌ക്കൊപ്പം നാല് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. പശ്‌ചിമ ബംഗാളിലെ 42 സീറ്റിൽ കഴിഞ്ഞ തവണ ഏഴ് ഘട്ടമായി നടന്ന വോട്ടെടുപ്പ് ഇത്തവണ ഒറ്റ ഘട്ടമാക്കണമെന്ന് ഭരണകക്ഷിയായ തൃണമൂൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അക്രമങ്ങൾ പതിവായതിനാൽ കമ്മിഷൻ അംഗീകരിക്കാനിടയില്ല.