
തിരുവനന്തപുരം: അനധികൃതമായി ഇന്ത്യയിലെത്തിയ വിദേശികള്‍ കേരളത്തിലുമുണ്ട്. ഇത്തരക്കാരെ പാര്‍പ്പിക്കുന്ന കൊല്ലത്തെ ട്രാന്‍സിറ്റ് ഹോമില്‍ കഴിയുന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 29 പേരാണ്. അനധികൃത പ്രവേശത്തിന് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ നിന്ന് രേഖകള്‍ക്കായി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടും.
രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ കൂടുതലും. ശ്രീലങ്കയില്‍ നിന്നുള്ള മൂന്ന് വനിതകളേയും കുട്ടികളേയും പാര്‍പ്പിച്ചിരിക്കുന്നത് കൊല്ലം പത്താനാപുരത്താണ്. രണ്ട് വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് കൊല്ലത്ത് ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് ശേഷം അഞ്ച് പേരെ നാട്ടിലേക്ക് മടക്കിയയച്ചിട്ടുണ്ട്.
മയക്കുമരുന്നു കേസിലെ പ്രതികള്‍, വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ച് ഇന്ത്യയിലെത്തിയവര്‍, വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ ശ്രീലങ്കക്കാര്‍, ബംഗ്ലദേശില്‍നിന്നുള്ള ബുദ്ധമതക്കാര്‍ തുടങ്ങിയവര്‍ കൂട്ടത്തിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ട്രാന്‍സിറ്റ് കേന്ദ്രത്തിലുള്ള വിവിധ രാജ്യക്കാര്‍: നൈജീരിയ 5, എല്‍സാല്‍വദോര്‍1, ശ്രീലങ്ക11, ബംഗ്ലദേശ് 9, അഫ്ഗാനിസ്ഥാന് 1, മാലദ്വീപ് 1, വെനസ്വേല 1.
ഇതില്‍ നെജീരിയ, എല്‍സാല്‍വദോര്‍ രാജ്യക്കാര്‍ മയക്കുമരുന്നു കേസിലെ പ്രതികളാണ്. ബംഗ്ലദേശ് സ്വദേശികളില്‍ കൂടുതല്‍പ്പേരും വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്കു കടന്നവരാണ്. ശ്രീലങ്കക്കാര്‍ കാനഡയിലേക്കു കടക്കാന്‍ കേരളതീരത്തെത്തിയവരാണ്.
പത്തനാപുരത്തെ സ്വകാര്യ അഭയ കേന്ദ്രത്തില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വനിതകളും കാനഡയിലേക്ക് പോകാന്‍ കേരളത്തിലെത്തിയവരാണ്.
കേസുകള്‍ തീര്‍ന്നവരുടെ വിവരങ്ങള്‍ അതതു രാജ്യങ്ങളുടെ എംബസിയെ അറിയിക്കും. ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികളുടെയും എംബസികളുടെയും അനുമതി ലഭിച്ചാല്‍ സ്വന്തം രാജ്യത്തേക്കു മടക്കി അയക്കും. നൈജീരിയന്‍ പൗരന്മാര് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ആരംഭിച്ചത്.
ട്രാന്‍സിറ്റ് കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ജയില്‍ വകുപ്പിന്റെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാനാണ് ആലോചന. മുമ്പ് തൃശൂരിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 2022 നവംബര്‍ മുതല്‍ കൊല്ലത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.