pic

ഡാലസ്: നീണ്ട 70 വർഷം ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച പോൾ അലക്സാണ്ടർ (78) ഓർമ്മയായി. തിങ്കളാഴ്ച യു.എസിലെ ഡാലസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഫെബ്രുവരിയിൽ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെന്നാണ് വിവരം.

1952ൽ ആറാം വയസിൽ പിടികൂടിയ പോളിയോ ആണ് ഡാലസ് സ്വദേശിയായ പോളിന്റെ ജീവിതം മാറ്റിമറിച്ചത്. കഴുത്തിന് താഴേക്ക് തളർന്നതോടെ ജീവൻ നിലനിറുത്താൻ ഡോക്ടർമാർ ഇരുമ്പ് ശ്വാസകോശം നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇരുമ്പ് ശ്വാസകോശത്തിനുള്ളിലൂടെ അതിജീവനം സാദ്ധ്യമാക്കിയ അദ്ദേഹം നിയമ ബിരുദം നേടി. യന്ത്രസഹായത്തോടെയുള്ള തന്റെ ജീവിതത്തെക്കുറിച്ച് പുസ്തകം എഴുതി.

ഒരുതരം നെഗ​റ്റീവ് പ്രഷർ വെന്റിലേ​റ്ററാണ് ഇരുമ്പ് ശ്വാസകോശം ( അയൺ ലംഗ് )​. പ്രത്യേക രൂപകല്പന ചെയ്ത വലിയ സിലിണ്ടർ ആകൃതിയിലുള്ള ഇവ ശ്വസന പേശികളുടെ നിയന്ത്രണം നഷ്ടപ്പെട്ടതോ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ രോഗികളിൽ ശ്വസനം ഉത്തേജിപ്പിക്കുന്നു.

ഇവ ഉപയോഗിക്കുമ്പോൾ രോഗികളുടെ ശരീരത്തിന്റെ ഭൂരിഭാഗവും സിലിണ്ടറിനുള്ളിലായിരിക്കും. പോളിയോ, ബോട്ടുലിസം രോഗികൾക്കാണ് ഇവ നിർദ്ദേശിച്ചിരുന്നത്. ആധുനിക ചികിത്സാ മാർഗ്ഗങ്ങൾ ഉള്ളതിനാൽ ഇന്ന് ഇവ ഉപയോഗിക്കുന്നില്ല.

ഇരുമ്പ് ശ്വാസകോശവുമായി ജീവിച്ച അവസാന വ്യക്തികളിൽ ഒരാളാണ് പോൾ എന്ന് കരുതുന്നു. ഒക്‌ലഹോമ സ്വദേശിയായ മാർത്ത ലിലാർഡ് ( 75 ) ആണ് നിലവിൽ ഇരുമ്പ് ശ്വാസകോശവുമായി ജീവിക്കുന്ന ഏക വ്യക്തിയെന്ന് കരുതുന്നു.