
തിരുവനന്തപുരം:പടക്കളങ്ങൾ ഒരുങ്ങി. പടക്കോപ്പുകൾ നിരന്നു. മപ്പടിച്ച് പോരാളികൾ. അങ്കത്തീയതിയും കുറിച്ചു. കേരളത്തിൽ ഇനി തീ പാറുന്ന 40 നാളുകൾ.
2019 തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും തൂത്തുവാരിയ യു.ഡി.എഫ്, ഇത്തവണ ഇരുപതും നേടുമെന്ന വാശിയിലാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നതും ആത്മവിശ്വാസമേകുന്നു. ശബരിമല മതവികാരവും, രാഹുൽ തരംഗവും സൃഷ്ടിച്ച ഉരുൾ പൊട്ടലിൽ ആലപ്പുഴ മാത്രം കച്ചിത്തുരുമ്പായി കിട്ടിയ എൽ.ഡി.എഫ് കൈവിട്ട ചെങ്കോട്ടകൾ തിരിച്ചു പിടിക്കാൻ കരുത്തന്മാരെ ഇറക്കിയുള്ള ജീവന്മരണ പോരാട്ടത്തിലാണ്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയതിന്റെ പെരുമയുമായി ബി.ജെ.പി സഖ്യം, അഞ്ച് എ പ്ലസ് മണ്ഡലങ്ങളിൽ അട്ടിമറി വിജയത്തിനുള്ള പടപ്പുറപ്പാടിലാണ്. ഇതിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര സന്ദർശനവും.
പ്രചാരണം : മുന്നിൽ
എൽ.ഡി.എഫ്
സഥാനാർത്ഥികളെ ആദ്യം ഇറക്കി രണ്ട് റൗണ്ട് പിന്നിട്ട എൽ.ഡി.എഫ് ഏറെ മുന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും ഭൂരിഭാഗം സീറ്റിലും സിറ്റിംഗ് എം.പിമാർ നേരത്തേ കളത്തിലിറങ്ങിയതിനാൽ യു.ഡി.എഫിന് അങ്കലാപ്പില്ല.
രണ്ട് കേന്ദ്ര മന്ത്രിമാരെ ഇറക്കി വീര്യം കൂട്ടിയ ബി.ജെ.പിയുടെ ലക്ഷ്യം അക്കൗണ്ട് തുറക്കുക മാതമല്ല.
പൗരത്വ നിയമം മുഖ്യ അജൻഡ
നവകേരള സദസിലൂടെ മാസങ്ങൾക്ക് മുമ്പേ കളമൊരുക്കിയതാണ് എൽ.ഡി.എഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭവും,ഡി.വൈ.എഫ്.ഐയുടെ
മനുഷ്യ മതിലും കൊടിയേറ്റമായി. നവ കേരള സദസിലെ അക്രമങ്ങൾക്കതിരെ പ്രതിഷേധാഗ്നിയുമായി യു.ഡി.എഫും, കേന്ദ്ര സർക്കാരിന്റെ വികസനം ഉർത്തിക്കാട്ടി ബി.ജെ.പിയും ശ്രമിച്ചത് പിണറായി സർക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനായിരുന്നു. പൗരത്വ നിയമം നടപ്പാക്കിയ
കേന്ദ്ര വിജ്ഞാപനം അജൻഡയാകെ മാറ്റി മറിച്ചു. 2019ൽ തുടങ്ങിയ തെരുവ് പ്രക്ഷോഭങ്ങളും നിയമപോരാട്ടവും ആവർത്തിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. സമരത്തിന്റെ ആത്മാർത്ഥത ചോദ്യം ചെയ്ത് പരസ്പരം പഴി ചാരലും മുസ്ലീം ജനതയുടെ സംരക്ഷകരെന്ന് വരുത്താനുള്ള മത്സരവും തകൃതി. പൗരത്വ നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും രാജ്യം മുഴുവൻ ബാധകമായ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞുള്ള സമരങ്ങൾ കാപട്യമാണെന്നുമാണ് ബി.ജെ.പിയുടെ പ്രചാരണം. കേരളത്തിൽ ക്രസമാധാനം തകർന്നെന്ന് വരെ മോദി പത്തനംതിട്ടയിൽ ആരോപിച്ചു.
പ്രതിപക്ഷത്തിന് ആയുധങ്ങളേറെ
മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനിക്കെതിരായ ആരോപണം, സബ്സിഡി സാധനങ്ങളില്ലാത്ത സപ്ളൈകോ സ്റ്റോറുകൾ, സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക, കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പ്, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും ദുരിതങ്ങൾ, പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിലും നൃത്താദ്ധ്യാപകൻ ഷാജിയുടെ മരണത്തിനിടയാക്കിയ കേരള സർവകലാശാല 'കലാപോത്സവത്തിലും'
വരെയുള്ള എസ്.എഫ്.ഐയുടെ അതിക്രമങ്ങൾ.
സർക്കാരിന്റെ പ്രതിരോധം
എക്സാലോജിക്കിനെതിരായ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാർട്ടിയും. സപ്ളൈകോ സബ്സിഡി നിരക്കിൽ അരിയും മറ്റും എത്തിച്ചു തുടങ്ങി. സാമൂഹ്യ ക്ഷേമ പെൻഷൻ മൂന്ന് മാസത്തെ കുടിശിക വിഷുവിന് മുമ്പ്. ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എ. സിദ്ധാർത്ഥന്റെ മരണത്തിൽ എസ്.എഫ്.ഐക്കാരായ പ്രതികളെ പിടികൂടി. കേസന്വേഷണം മുഖ്യമന്ത്രി സി.ബി.ഐക്ക് വിട്ടു. പൗരത്വ നിയമത്തിനും കേന്ദ്ര വിവേചനത്തിനുമെതിരായ സമരത്തിൽ കോൺഗ്രസിന്റെ 'ഇരട്ടത്താപ്പും' സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന മോദി സർക്കാരിന്റെ 'പൊയ്‌മുഖവും' തുറന്നു കാട്ടും.
.