
ന്യൂഡൽഹി: പ്ലേഓഫിൽ ത്രില്ലർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിനെ 5 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിതാ പ്രിമിയർ ലീഗിന്റെ ഫൈനലിൽ കടന്നു. നാളെ നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് ബാംഗ്ലൂരിന്റെ എതിരാളി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബയ് വിജയ പ്രതീക്ഷയിലായിരുന്നെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനെ അവർക്കായുള്ലൂ. അവസാന ഓവർ സമ്മർദ്ദമില്ലാതെ കൃത്യതയോടെയെറിഞ്ഞ മലയാളി താരം എസ്. ആശയുടെ ബൗളിംഗ് ബാംഗ്ലൂരിന്റഎ വിജയത്തിൽ നിർണായകമായി. അവസാന ഓവറിൽ മുംബയ്ക്ക് ജയിക്കാൻ റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആ ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങിയ ആശ ഒരു വിക്കറ്റും നേടി ബാംഗ്ലൂരിന് വിജയം സമ്മാനിക്കുകയായിരുന്നു. നാലാം പന്തിൽ പൂജാ വസ്ട്രാക്കറുടെ (4) വിക്കറ്റാണ് ആശ നേടിയത്. 18-ാം ഓവറിൽ ശ്രേയങ്ക പാട്ടീൽ ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറിനെ പുറത്താക്കിയത് മുംബയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 4 ഓവറിൽ 16 റൺസ് വഴങ്ങിയ ശ്രേയങ്ക 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ എല്ലിസ് പെറിയുടെ (50 പന്തിൽ 66) ഒറ്റയാൾ പോരാട്ടമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 8 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് പെറിയുടെ ഇന്നിംഗ്സ്. ക്യാപ്ടൻ സ്‌മൃതി മന്ഥന (10) , സോഫി ഡിവൈൻ (10), ദിഷ കസട്ട് (0) , സോഫി മോളിന്യൂക്സ് (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബയ്ക്കായി ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്‌കൈവർ ബ്രന്റ്, സൈക ഇഷാഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ എല്ലിസ് പെറിയാണ് കളിയിലെ താരം.