pic

ടെൽ അവീവ്: ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഹമാസ് മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ. മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തർ അടക്കമുള്ള രാജ്യങ്ങളുടെയും യു.എസിന്റെയും പ്രതിനിധികൾക്ക് മുന്നിലാണ് ഹമാസ് നിർദ്ദേശം സമർപ്പിച്ചത്. ബന്ദികളാക്കിയവരെയും വനിതാ ഇസ്രയേലി സൈനികരെയും മോചിപ്പിക്കാമെന്നും ഹമാസ് നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ ഇസ്രയേലി ജയിലുകളിലുള്ള 700 - 1000 പാലസ്തീനികളെ വിട്ടയക്കണം. ബന്ദികളുടെ മോചനത്തിന് മുമ്പ് ഗാസയിൽ സ്ഥിരം വെടിനിറുത്തലിനുള്ള തീയതി അംഗീകരിക്കണമെന്നും ഇസ്രയേൽ സൈന്യം പൂർണമായും ഗാസയിൽ നിന്ന് പിന്മാറണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. ഹമാസിന്റേത് യാഥാർത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.